Wednesday, March 11, 2026 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

മൈതാനത്ത്‌ നിര്‍മാണം നടത്തുന്നതില്‍നിന്ന്‌ ദേവസ്വംബോര്‍ഡ്‌ പിന്തിരിയണമെന്ന്‌

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത്‌ താല്‍ക്കാലിക വേലി കെട്ടി തിരിച്ച സ്‌ഥലത്തിനുള്ളില്‍ ചിറപ്പ്‌ പന്തല്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ എന്നിവയുടെ നിര്‍മാണത്തിന്‌ എന്ന പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നു ദേവസ്വം ബോര്‍ഡ്‌ പിന്തിരിയണമെന്ന്‌ വിവിധ ഹൈന്ദവ സംഘടനകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടു.
മഹാദേവക്ഷേത്രത്തിന്റെ കിഴക്കും, തെക്കും ഭാഗത്ത്‌ പൂര്‍ത്തീകരിക്കാത്ത നടപ്പന്തല്‍ നിര്‍മ്മാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്റെ ശോച്യാവസ്‌ഥ, ഗോശാലയുടെ ജീര്‍ണാവസ്‌ഥ, ഭക്‌തജന ആവശ്യാര്‍ഥം കൂടുതല്‍ ശൗചാലയ നിര്‍മ്മാണങ്ങള്‍, എന്നിവയ്‌ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോര്‍ഡ്‌ ലക്ഷങ്ങള്‍ മുടക്കി നടത്താന്‍ നിശ്‌ചയിച്ച അനാവശ്യ നിര്‍മ്മാണങ്ങള്‍ ധൂര്‍ത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്‌. ക്ഷേത്രത്തിനു ചുറ്റുമായി നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള റോഡിന്റെ നിര്‍മ്മാണത്തിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡ്‌ ആണ്‌ അനാവശ്യ നിര്‍മ്മാണത്തിന്‌ മുതിരുന്നത്‌.
ദേവഹിതം മാനിക്കാതെ, കല്യാണമണ്ഡപത്തില്‍ നിന്ന്‌ 10 മീറ്റര്‍ പടിഞ്ഞാറോട്ട്‌ മാറി യാതൊരു നിര്‍മിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ്‌ അനുസരിക്കാതെ നടത്തുന്ന നിര്‍മ്മിതികള്‍ ദേവഹിതത്തിനു വിരുദ്ധവും, കോടതി ഉത്തരവിന്റെ ലംഘനവും ആണ്‌. ഉത്സവ ദിവസങ്ങളിലും മറ്റ്‌ ആട്ടവിശേഷങ്ങള്‍ക്കും ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ നിലവിലുള്ള തുറസായ സ്‌ഥലം പോലും തികയില്ലെന്നിരിക്കെ ക്ഷേത്ര മൈതാനത്ത്‌ ഒരു നിര്‍മ്മാണവും പാടില്ലാത്തതാണ്‌.
ദേവസ്വം ബോര്‍ഡ്‌ നിലപാടിനെതിരേ 14ന്‌ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഭക്‌തജനങ്ങള്‍ ഉപവസിക്കും. ദേവസ്വം ബോര്‍ഡ്‌ നടപടിയില്‍ നിന്ന്‌ പിന്മാറാത്ത പക്ഷം തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ ഹൈന്ദവ ഭക്‌ത ജനസംഘടനകള്‍ രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഇ.എസ്‌. ബിജു, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ പി. രാജഗോപാല്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്‌ കെ.പി. സഹദേവന്‍, വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സെക്രട്ടറി സി. മോഹന്‍ ചന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്‌ഥാന സമിതി അംഗം വി.എന്‍. സോമന്‍, ആറാട്ട്‌ എതിരേല്‍പ്‌ സമിതി പ്രസിഡന്റ്‌ ശ്രീജിത്ത്‌ കൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW