-->
കട്ടപ്പന: റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് മാറിയെങ്കിലും അശാസ്‌ത്രീയമായ നിര്‍മാണങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും യാത്രികരുടെ അമിത വേഗവും ഹൈറേഞ്ചിലെ നിരത്തുകളെ മരണക്കെണികളാക്കുന്നു.
കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ഹൈറേഞ്ച് മേഖലയിലെ പ്രധാന പാതകളില്‍ മിക്കവയും ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയരും. എന്നാല്‍ കൊടും വളവുകളുള്ള ഇവിടുത്തെ റോഡുകളില്‍ അമിത വേഗവും അശ്രദ്ധയും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. കഴിഞ്ഞ ദിവസം വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ ഇരുചക്ര വാഹന യാത്രികരായ രണ്ട് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.
ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും നിയന്ത്രണംവിട്ട് മറിഞ്ഞ വാഹനത്തില്‍ നിന്നും തെറിച്ചു വീണ യുവാക്കള്‍ ബസിനടിയില്‍പെടുകയുമായിരുന്നു.
സമാനമായി നിരവധി അപകടങ്ങളാണ് ഹൈറേഞ്ചിലെ നിരത്തുകളില്‍ അനുദിനം നടന്നു കൊണ്ടിരിക്കുന്നത്. റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് മാറിയതോടെ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
നിരീക്ഷണ ക്യാമറകള്‍ പലതും നിശ്‌ചലമായതോടെ നിയന്ത്രണമില്ലാതെയാണ് വാഹനങ്ങള്‍ റോഡിലൂടെ ചീറി പായുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. ഇതിനു പുറമേയാണ് ചിലയിടങ്ങളില്‍ റോഡിന്റെ അശാസ്‌ത്രീയ നിര്‍മാണം വെല്ലുവിളിയാകുന്നത്. കൊടുംവളവുകള്‍ പോലും നിവിര്‍ക്കാതെയാണ് പല റോഡുകളും നിര്‍മിച്ചിരിക്കുന്നത്. ഇതിനു പുറമേ അപകട സാധ്യതയുള്ള സ്‌ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ ഒന്നും തന്നെ ഇല്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകരും അവധിക്കാലത്ത് വിനോദ സഞ്ചാരികളുമായി നിരവധിപേര്‍ ഹൈറേഞ്ച് മേഖലയിലേക്ക് വരാറുണ്ട്. നിരത്തുകളിലെ അപകട സാധ്യത കുറക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്.