-->
ചെറുതോണി: ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ കുത്തിയിരുപ്പു സമരത്തെ തുടര്‍ന്ന് കഞ്ഞിക്കുഴി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആറുമുതല്‍ കിടത്തി ചികിത്സാ പുനരാരംഭിക്കും. 2004 മുതലാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിച്ചത്.
300 ല്‍ അധികം ഔട്ട് പേഷ്യന്റ്‌സും 25 കിടക്കകളോടുകൂടി ഐ.പി വിഭാഗവുമായി ജില്ലയില്‍ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ സ്‌ഥാപനമാണ് കഞ്ഞിക്കുഴി സി.എച്ച്.സി. ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്‌ഥ മൂലം 2025 ജൂലൈ മുതല്‍ കിടത്തി ചികിത്സ നിലച്ചു.
യഥാസമയം ഡോക്‌ടര്‍മാരെയും ആവശ്യത്തിന് സ്‌റ്റാഫിനെയും നിയമിക്കുന്നതില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്‌ചയാണ് ഐ.പി നിന്നു പോകുന്നതിന് കാരണമായത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിരന്തരം ഇടപെടല്‍ നടത്തിയിട്ടും അധികൃതര്‍ കണ്ണു തുറന്നില്ല.
227.51 കി. മീ. സ്‌ക്വയര്‍ വിസ്‌തൃതിയും 30000 ല്‍ അധികം ജനസംഖ്യയുമുള്ള കഞ്ഞിക്കുഴിയിലെ ആശുപത്രിയില്‍ ഒരു ഡോക്‌ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സായാഹ്ന ഒ.പി.ക്കായി പ്രതിവര്‍ഷം 10 ലക്ഷം രൂപയോളം ചെലവഴിച്ച് ഡോക്‌ടറുടെ സേവനം ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് ഐ.പി ആരംഭിക്കുന്നതിന് നിരന്തര സമ്മര്‍ദവുമായി ഭരണസമിതി രംഗത്തു വന്നതോടെ രണ്ടു ദിവസം മുമ്പ് നിലവില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ ഓഫീസറെ ട്രാന്‍സ്‌ഫര്‍ ചെയ്‌തുകൊണ്ട് ഇതിനേക്കാള്‍ ദുരിതം പേറുന്ന വാത്തിക്കുടി മെഡിക്കല്‍ ഓഫീസര്‍ക്ക് അധികചുമതല കൊടുക്കുകയും ചെയ്‌തു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുടെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തി കുത്തിയിരുപ്പു സത്യഗ്രഹം നടത്തി.
തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ രണ്ട് ഡോക്‌ടര്‍മാരെ എന്‍.എച്ച്.എം മുഖേന നിയമിക്കാമെന്നും വെള്ളിയാഴ്‌ച മുതല്‍ കിടത്തി ചികിത്സ ആരംഭിക്കാമെന്നും ഉറപ്പുനല്‍കി. ഇക്കാര്യം അറിയിച്ചുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വേണ്ടി ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സിബി ജോര്‍ജ് ബ്ലോക്ക് പഞ്ചായത്തിന് രേഖമൂലം കത്ത് നല്‍കിയതിനെ തുടര്‍ന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി സമരം ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, ബ്ലോക്ക് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോനാ ട്രീസാ ജോബി, മോളി ടോമി, വി എ ഉലഹന്നാന്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രതിനിധി ബിജോ പുളിമൂട്ടില്‍, ഡോളി തോമസ്, എച്ച്.എം.സി അംഗങ്ങളെ പ്രതിനിധീകരിച്ച് ജോബി ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.