-->
മട്ടാഞ്ചേരി: വര്‍ണ്ണ പൊടികളും നിറങ്ങള്‍ കലക്കിയ വെള്ളവും പരസ്‌പരം ശരീരത്തില്‍ വാരിയെറിഞ്ഞുള്ള ഹോളി ആഘോഷം കൊച്ചിയുടെ തെരുവീഥികളെ ആഹ്ലാദത്തിമിര്‍പ്പിലാക്കി. നഗര ഗ്രാമ വ്യത്യാസമന്യേ വടക്കേയിന്ത്യന്‍ സമൂഹത്തോടോപ്പം മലയാളികളും വര്‍ണ്ണങ്ങളുടെ ഹോളിയാഘോഷത്തില്‍ പങ്കെടുത്തു. ഫാല്‍ഗുനമാസ പൗര്‍ണ്ണമിനാളില്‍ രാക്ഷസരൂപി ഹോളികയെ അഗ്നിക്കിരയാക്കുന്നതിന്റെ പ്രതീകമായുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് ഹോളി ആഘോഷം നടന്നത്.
പരമ്പരാഗതമായുള്ള അനുഷ്‌ഠാനങ്ങള്‍ക്കൊപ്പം ആധുനികതയുടെ സാമൂഹിക കുട്ടായ്‌മയും പ്രകടമാക്കി ഹോളിയാഘോഷം ജനകീയമായിമാറിക്കഴിഞ്ഞു.
വടക്കേയിന്ത്യന്‍ സമൂഹം ഏറെയുള്ള കൊച്ചി, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ദേശങ്ങളിലാണ് വര്‍ണങ്ങളുടെ ആഘോഷത്തെ സജീവമാക്കുന്നത്.
പൈതൃക വാണിജ്യ നഗരികളിലെ ഹോളി ആഘോഷങ്ങളില്‍ ദേശഭാഷാ, വ്യത്യാസമന്യേയുള്ള ജനകീയ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ഹോളിയില്‍ പങ്കെടുക്കുവാന്‍ അന്യദേശങ്ങളില്‍ നിന്നുപോലും തലമുറകള്‍ നാട്ടിലെത്തുന്നത് ആഘോഷ കേന്ദ്രങ്ങളെ സജീവമാക്കും. വടക്കേയിന്ത്യക്കാരും കൊങ്കണി, കന്നഡ ദേശക്കാരും മലയാളി സമാജങ്ങളും ആഘോഷ ലഹരിയിലമരും.
ഗുജറാത്തി റോഡ്, പാലാസ് റോഡ്, ചെറളായി അമ രാവതി, ദ്രോണാചാര്യ മുണ്ടംവേലി. നേവല്‍ബേസ്. കഠാരിഭാഗ്, ടി.ഡി. റോഡ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലും അന്യസംസ്‌ഥാന തൊഴിലാളി കേന്ദ്രങ്ങളിലും ഹോളിയാഘോഷം വിപുലമായി കൊണ്ടാടി.
ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയിലെ ഹോളിയാഘോഷങ്ങളില്‍ വിദേശവിനോദസഞ്ചാരികളും പങ്കെടുത്തു.