Wednesday, March 11, 2026 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.47 AM

സൗജന്യ ചികിത്സക്കായി സംസ്‌ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്‌ 1600 കോടി രൂപ: മന്ത്രി വീണാ ജോര്‍ജ്‌

uploads/news/2026/03/828372/2.jpg

കളമശേരി: സംസ്‌ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 1600 കോടി രൂപ ചെലവഴിച്ചുവെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച മാതൃ ശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും വിവിധ പദ്ധതികളുടെയും ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു നയം ആവിഷ്‌കരിക്കുകയും അത്‌ യാഥാര്‍ഥ്യമാക്കുന്നതിന്‌ വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുക എന്നുള്ളതാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അത്തരത്തില്‍ സര്‍ക്കാരിന്റെ നയമാണ്‌ ആര്‍ദ്രം മിഷന്‍. രോഗത്തിന്റെ മുന്നില്‍ ഒരാള്‍ പോലും നിസ്സഹായരായി പോകാതെ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ്‌ ഈ മിഷന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 285.31 കോടി രൂപ ചെലവില്‍ 8.27 ലക്ഷം ചതുരശ്രയടി വിസ്‌തൃതിയില്‍ 850 കിടക്കകളുള്ള പുതിയ ബ്ലോക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
ഉന്നത നിലവാരത്തിലുള്ള ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന മാതൃ ശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌, ഐ.സി.എം ആറില്‍ നിന്നും ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട്‌ നിര്‍മ്മിച്ച ലെവല്‍ 2 വൈറോളജി ടെസ്‌റ്റിംഗിന്‌ പര്യാപ്‌തമായ മൈക്രോബയോളജി ലാബ്‌, ഹെല്‍ത്ത്‌ ഹബ്ബിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി 50 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച 12 പേ വാര്‍ഡുകള്‍, ത്വക്ക്‌ രോഗ വിഭാഗത്തിന്‌ കീഴില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ സജ്‌ജീകരിച്ച കോസ്‌മെറ്റോളജി ക്ലിനിക്‌, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി ചെലവഴിച്ച്‌ നിര്‍മ്മിച്ച മള്‍ട്ടിപാര്‍ക്കിംഗ്‌ ഷെഡ്‌, ആരോഗ്യ കുടുംബക്ഷമ വകുപ്പിന്റെ 2023 - 24 പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച അക്കാദമിക്‌ ബ്ലോക്ക്‌ ലിഫ്‌റ്റ് എന്നിവയുടെ ഉദ്‌ഘാടനവും, 2024- 2025 പ്ലാന്‍ ഫണ്ടില്‍ നിന്നും 3 കോടി 67 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന ബി.എം. ബി.സി. നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മ്മാണ ഉദ്‌ഘാടനവും ആണ്‌ ചടങ്ങില്‍ നടന്നത്‌. ചടങ്ങില്‍ വ്യവസായ വകുപ്പ്‌ മന്ത്രി പി. രാജീവ്‌ അധ്യക്ഷനായി. ഇടുക്കി - കട്ടപ്പന റൂട്ടില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്‌ പുതുതായി സര്‍വീസ്‌ ആരംഭിച്ച കെ.എസ്‌.ആര്‍.ടി.സി.ബസ്‌ അദ്ദേഹം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഉദ്‌ഘാടനം ചെയ്യപ്പെട്ട പദ്ധതികളുടെ ഫലക അനാച്‌ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൈജി സജീവന്‍, ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്ക, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഇന്‍കെല്‍ എം ഡി ഡോ. കെ. ഇളങ്കോവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിര്‍ഷാ, സി.സി.ആര്‍.സി. ഡയറക്‌ടര്‍ ഡോ. പി.ജി. ബാലഗോപാല്‍, കളമേശരി മെഡിക്കല്‍ കോളേജ്‌ മെഡിക്കല്‍ സൂപ്രണ്ട്‌ എം. ഗണേഷ്‌ മോഹന്‍, പ്രിന്‍സിപ്പാള്‍ എസ്‌. എസ്‌ മിനി, വൈസ്‌ പ്രിന്‍സിപ്പാള്‍ പി. അനില്‍കുമാര്‍, കളമേശരി നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 04 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW