-->
കൊച്ചി: എറണാകുളത്തിന്റെ കലക്‌ടറായിരുന്ന കാലത്ത് താന്‍ സഞ്ചരിച്ച വഴിത്താരകള്‍ നടന്നുകണ്ട് ഓര്‍മ്മ പുതുക്കാന്‍ ഒരുങ്ങി രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍. ഈ സഹസ്രാബ്‌ദത്തിന്റെ തുടക്കകാലത്ത് മുപ്പത്തിയാറ് മാസം ജില്ലയുടെ കലക്‌ടര്‍ ആയിരുന്നു ഗ്യാനേഷ് കുമാര്‍ (2001 ജൂണ്‍ എട്ട് മുതല്‍ 2004 ജൂലൈ 16 വരെ).
ഇക്കാലയളവില്‍ താന്‍ രൂപം കൊടുത്തതും തുടങ്ങിവച്ചതും പൂര്‍ത്തിയാക്കിയതുമായ വികസന പദ്ധതികള്‍ ഒരിക്കല്‍ക്കൂടി കാണാന്‍ താല്‌പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം അദ്ദേഹത്തിന്റെ കേരള സന്ദര്‍ശന വേളയില്‍ ഇതിനായി അവസരം ഒരുക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ കൊച്ചിയില്‍ എത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, കന്നി വോട്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. ഇതിന്റെ ഇടവേളകളിലാണ് സന്ദര്‍ശനങ്ങള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തുക. വൈപ്പിന്‍ ദ്വീപ് ജനതയെ നഗരത്തോടടുപ്പിക്കുകയും കൊച്ചിയെ കൂടുതല്‍ വിശാലമാക്കുകയും ചെയ്‌ത ഗോശ്രീ പാലങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം. ജില്ലാ കലക്‌ടറായി ചുമതലയേറ്റെടുത്ത് രണ്ടു മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം തുടങ്ങാനും സ്‌ഥാനമൊഴിയുന്നതിന് ഒരുമാസം മുന്‍പ് ഉദ്‌ഘാടനം നടത്താനും കഴിഞ്ഞു.
ജീര്‍ണാവസ്‌ഥയിലുള്ള കെട്ടിടം പൊളിച്ച് ആധുനിക സജ്‌ജീകരണങ്ങളോടെ എറണാകുളം ജനറല്‍ ആശുപത്രിക്ക് പുതിയ സമുച്ചയം നിര്‍മ്മിച്ചതും, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പുനരുദ്ധാരണവും, പഴയകാല പ്രൗഢിയിലേക്ക് മഹാരാജാസിനെ വീണ്ടെടുത്തതും, ചെറായി ബീച്ചിനെ വൃത്തിയും സൗകര്യവുമുള്ള ഒരു കടല്‍ത്തീരമാക്കി മാറ്റിയതും ഗ്യാനേഷ് കുമാറിന്റെ കാലത്താണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഗോശ്രീ പാലം, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈന്‍ഡ്രൈവ്, ചീനവല പാലം, ചെറായി ബീച്ച്, മ്യൂസിക്കല്‍ വാക്ക് വേ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സന്ദര്‍ശനം നടത്തുകയും കന്നി വോട്ടര്‍മാരുമായും മാധ്യമപ്രവര്‍ത്തകരുമായും കൂടിക്കാഴ്‌ചകള്‍ നടത്തുകയും ചെയ്യും.