-->
ആലപ്പുഴ: വികസന- ആരോഗ്യമേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയും ആലപ്പുഴയുടെ പെരുമ ഉയര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചും ജില്ലപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ ബജറ്റ്. 165.01 കോടി രൂപ വരവും 164. 43 കോടി രൂപ ചെലവും പ്രതീക്ഷി ക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അവതരിപ്പിച്ചു.
അക്കങ്ങളുടെ കൂട്ടമല്ല ജനങ്ങളുടെ പ്രതീക്ഷകളുടെ പ്രതിഫല മാണെന്ന് പറഞ്ഞായിരുന്നു ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ചത്. 10 ലക്ഷം രൂപ വീതം വകയിരുത്തി പാല്‍ സംഭരണവും വിപണനവും ഉറപ്പാക്കുന്ന ആലപ്പി പാല്‍, നെല്ല് സംഭരണവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഉള്‍പ്പെടുത്തി കാര്‍ഷികസംസ്‌കാരത്തെ വീണ്ടെടുക്കാന്‍ ആലപ്പി ബ്രാന്‍ഡ് അരി എന്നീ പുതുമയാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഒരു സ്‌കൂളില്‍ ഒരുകളിയിടം സജ്‌ജമാക്കും.
കായികമേഖയില്‍ മുന്നേറ്റം സാധ്യമാക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി രൂപവത്‌കരിക്കും. ഭിന്നശേഷി സൗഹൃദം, വയോജനസൗഹൃദം, ബാല സൗഹൃദം എന്നിവക്കൊപ്പം ലിംഗപദവിയിലും ലിംഗസമത്വത്തിനും ഊന്നിയ സ്‌ത്രീ ശാക്‌തീകരണ വികസനകാഴ്‌ചപ്പാടുകളും ഇടംപിടിച്ചിട്ടുണ്ട്. ടൂറിസത്തിന് പ്രാധാന്യം നല്‍കി ദേശീയ ടൂറിസം വകുപ്പും സംസ്‌ഥാന ടൂറിസം വകുപ്പും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും സ്‌ത്രീ സാമൂഹികപുരോഗതി ലക്ഷ്യമിട്ടും ഈസി കിച്ചണ്‍ പദ്ധതി നടപ്പാക്കും.
ജില്ലയില്‍ ലഭ്യമായ അങ്കണവാടികള്‍ക്ക് ഭൗതികസാഹചര്യം ഒരുക്കി കരുതലോടെ ശൈശവം ശിശുസൗഹൃദ അന്തരീക്ഷമൊരുക്കും. പൊതുജനാരോഗ്യം ലക്ഷ്യമിട്ട് ഡബ്ല്യു.എച്ച്.ഒയുമായി ചേര്‍ന്ന് ആരോഗ്യമേള സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്ന് വിത്ത് ഉല്‍പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന വിത്ത്‌ഗ്രാമം പദ്ധതി-ഒരുകോടി, എള്ള്, വെറ്റില കൃഷിവ്യാപനം-30 ലക്ഷം, ക്ഷീരസഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട്-30 ലക്ഷം, ലൈഫ് മിഷന്‍ ജില്ലാ പഞ്ചായത്ത് വിഹിതം-മൂന്ന് കോടി, വനിതഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സഹായം-10ലക്ഷം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്ന നിലാവ് പദ്ധതി-10 ലക്ഷം, ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്‌ഥാനസൗകര്യ വികസനം-20 ലക്ഷം, സമഗ്രപാലിയേറ്റിവ് വിഹിതം-50 ലക്ഷം, ആലപ്പുഴ, കണിച്ചുകുളങ്ങര എ.ബി.സി സെന്റര്‍ തുടര്‍പ്രവര്‍ത്തനം-25ലക്ഷം എന്നിവയും അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, എ.ആര്‍. കണ്ണന്‍, ബബിത ജയന്‍, ആര്‍. റിയാസ്, എസ്. രാധാകൃഷ്‌ണന്‍, സന്ധ്യ ബെന്നി, ആര്‍. രാഹുല്‍, ഡി. അംബുജാക്ഷി, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സഭയിലെ മുതിര്‍ന്ന അംഗം ജെയിംസ് ചിങ്കുതറയ്‌ക്ക് ബജറ്റ് കോപ്പി ആദ്യം നല്‍കിയശേഷമാണ് വൈസ് പ്രസിഡന്റ് ഷീനാ സനല്‍കുമാര്‍ ബജറ്റ് അവതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്‍ നിയന്ത്രിച്ച സഭയില്‍ യുദ്ധം വിതയ്‌ക്കുന്ന വിപത്തും യുദ്ധത്തിനെതിരായ പ്രമേയവും പ്രതിജ്‌ഞയും സഭാ അംഗങ്ങള്‍ ഒന്നിച്ച് അംഗീ കരിക്കുകയും ചൊല്ലുകയും ചെയ്‌തു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരടക്കം ഭരണപക്ഷ അംഗങ്ങള്‍ പിന്തുണച്ച ബജറ്റ് പ്രതിപക്ഷ അംഗങ്ങളും കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നിരാശാജനകമെന്ന് കുറ്റപ്പെടുത്തി.