-->
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലന്‍സ് കൈമാറി. കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംയുക്‌ത കൂട്ടായ്‌മയായ കേരള വിഷന്റെ സഹകരണത്തോടെ എന്‍.എച്ച് അന്‍വര്‍ ട്രസ്‌റ്റ് സാമൂഹിക പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലന്‍സ് നല്‍കിയത്.
സംസ്‌ഥാനത്ത് കേരള വിഷന്‍ നല്‍കിയ മൂന്നാമത്തെ ആംബുലന്‍സ് ആണിത്. കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ ആംബുലന്‍സ് കൈമാറി. വര്‍ഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി ടൗണ്‍ഷിപ്പിലേക്ക് മാറുന്നതില്‍ സന്തോഷമുണ്ടന്ന് എം.എല്‍.എ പറഞ്ഞു. എന്‍.സി.ഡി. നോഡല്‍ ഓഫിസറും ഡി.എം.ഒ ഇന്‍ചാര്‍ജുമായ ഡോ. ദീപ താക്കോല്‍ ഏറ്റുവാങ്ങി. കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് ആമുഖ പ്രഭാഷണം നടത്തി.
കേരള വിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, എന്‍.എച്ച് അന്‍വര്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്‌ണന്‍ തുടങ്ങിയവരും കല്‍പ്പറ്റ നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സൗമ്യ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് വി.ഡി. ജോസഫ്, സി.ഒ.എ വയനാട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പൂക്കയില്‍, സെക്രട്ടറി സി.എച്ച്. അബ്‌ദുള്ള, വയനാട് വിഷന്‍ എം.ഡി ബിജു ജോസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.