-->
മലപ്പുറം: ജീവിതം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന അനേകമായിരങ്ങള്‍ക്ക് സമഭാവനയുടെ സന്ദേശം പകര്‍ന്ന് മഅ്‌ദിന്‍ അക്കാദമിയുടെ ഗ്രാന്‍ഡ് മസ്‌ജിദ് അങ്കണത്തെ ഇഫ്‌ത്വാര്‍ സംഗമം.
പരസ്‌പരം പരിചയമില്ലാത്ത, നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിന് മനുഷ്യരാണ് വേഷപ്പകര്‍ച്ചകളില്ലാതെ സ്‌നേഹത്തോടെയും ഒത്തൊരുമയോടെയും ഇവിടെ ഇഫ്‌ത്വാര്‍ പങ്കിടുന്നത്. പകലന്തിയോളം തങ്ങളുടെ ലോകത്ത് വിവിധ സേവനങ്ങളില്‍ ഏര്‍പ്പെട്ട് വീടണയും മുമ്പ് നഗരത്തില്‍ അകപ്പെട്ടുപോകുന്ന സാധാരണക്കാര്‍ക്കും യാത്രക്കാര്‍ക്കും ഈ സംഗമം വലിയ ആശ്വാസമാണ് പകരുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി മഅ്‌ദിന്‍ കാമ്പസില്‍ തുടര്‍ന്നുപോരുന്ന ഈ വിപുലമായ ഇഫ്‌ത്വാര്‍ ഇത്തവണയും ഏറെ ആകര്‍ഷകമായാണ് സംഘടിപ്പിക്കുന്നത്.
മഅ്‌ദിന്‍ ഗ്രാന്‍ഡ് മസ്‌ജിദിന്റെ വിശാലമായ മുറ്റത്ത് ഒരുക്കുന്ന ജനകീയ നോമ്പ്‌തുറയില്‍ വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിന് എത്തിയവര്‍, ഉദ്യോഗസ്‌ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കാളികളാകുന്നു.
ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് സ്വലാത്ത് നഗറില്‍ ബിരിയാണിയും പലഹാരങ്ങളും ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ നോമ്പ്‌തുറ ഒരുക്കുന്നത്. റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന വിപുലമായ ഇഫ്‌ത്വാര്‍ സംഗമത്തിനുള്ള തയ്ായറെടുപ്പുകളും കാമ്പസില്‍ പൂര്‍ത്തിയായി വരുന്നു.
ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പരസ്‌പരം കലഹിക്കുന്നവര്‍ക്കും വിഭാഗീയത വളര്‍ത്തുന്നവര്‍ക്കും ഈ സ്‌നേഹസംഗമങ്ങള്‍ വലിയൊരു സന്ദേശമാണെന്ന് മഅ്‌ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ഗള്‍ഫ് നാടുകളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങളും പട്ടിണിയും ഭീതിയും നമ്മെ ഒരുപോലെ വേദനിപ്പിക്കുന്നുണ്ടെന്നും, സഹജീവിയുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ നാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്‌നേഹമാണ് ഈ ഇഫ്‌ത്വാര്‍ സംഗമങ്ങളുടെ പൊരുളെന്നും ഒത്തൊരുമയിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധികളെ മറികടക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.