-->
സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മ്മിക്കാനായി തകര്‍ത്ത് തരിപ്പണമാക്കിയത് കരിമ്പത്തെ ജൈവവൈവിധ്യകലവറ. കില കാമ്പസായി മാറിയ പഴയ വികസനപരിശീലന കേന്ദ്രത്തിലെ പത്ത് ഏക്കര്‍ ഭൂമിയാണ് ഇതിനായി നശിപ്പിച്ചത്. കശുമാവിന്‍ തോട്ടവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമരങ്ങളും നിറഞ്ഞ പ്രദേശമാണ് സ്‌റ്റേഡിയത്തിനായി ഏറ്റെടുത്തത്. കില കാമ്പസിനകത്തെ ഉയര്‍ന്ന പ്രദേശമാണ് സ്‌റ്റേഡിയത്തിനായി മണ്ണിടിച്ച് നിരപ്പാക്കിയത്. അപൂര്‍വ്വ മരങ്ങളുള്ള പ്രദേശമാണിത്.
നിരവധി പക്ഷികളും മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള ചെറിയമൃഗങ്ങളും ഉള്ള പ്രദേശമായിരുന്നു ഇവിടം. ഈ ഭാഗത്തെ അവശേഷിച്ച മരങ്ങള്‍ പ്രദേശത്തെ ജൈവസമ്പത്തിന്റെ തെളിവായി നിലനില്‍ക്കുന്നുണ്ട്. ഒന്‍പത് വര്‍ഷം മുമ്പാണ് ഇ.ടി.സി കില കാമ്പസായി ഏറ്റെടുത്തത്. ഗാന്ധിയന്‍ രീതിയില്‍ ഗ്രാമസേവകരെ പരിശീലിപ്പിക്കാനായി ആരംഭിച്ച ഗ്രാമസേവക പരിശീലനകേന്ദ്രമാണ് പിന്നീട് വികസന പരിശീലനകേന്ദ്രംഇ.ടി.സിആയി മാറിയത്. എഴുത്തുകാരന്‍ എം.ടി ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഗ്രാമസേവക പരിശീലനം നേടിയിരുന്നു.
ഗ്രാമസേവകരെ കൃഷിപരിശീലിപ്പിക്കാനായി ഇ.ടി.സി കേന്ദ്രത്തിനകത്തും കരിമ്പം ഫാമിന് സമീപവും കമ്യൂണിറ്റി ഗാര്‍ഡനും ഉണ്ടായിരുന്നു. ഇതെല്ലാം ഇപ്പോള്‍ ഇല്ലാതായ അവസ്‌ഥയിലാണ്. വലിയതോതില്‍ ഇ.ടി.സി ഭാഗത്തുനിന്നും ചവനപ്പുഴ കുന്നിന് സമീപത്തുനിന്നും മണ്ണെടുത്ത് കടത്തുന്നത് ഗുരുതരമായ പാരിസ്‌ഥിതിക ആഘാതത്തിന് കാരണമാകുമെങ്കിലും ഇതിന്റെ ഗൗരവാവസ്‌ഥ പരിസരവാസികള്‍ക്ക് ബോധ്യമായിട്ടില്ല. മഴക്കാലമാവുന്നതോടെ പ്രദേശവാസികള്‍ ഈ വികസനത്തിന്റെ മഹാദുരിതം അനുഭവിക്കേണ്ടിവരും.കിഫ്‌ബി രജതജൂബിലി വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് കരിമ്പം കില കാമ്പസില്‍ ജില്ലാ സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മാണം നടക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് തറക്കല്ലിട്ടത്. 45 കോടി രൂപ ചെലവിലാണ് സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മിക്കുന്നത്. രണ്ടുവര്‍ഷത്തിനകം സ്‌റ്റേഡിയം പ്രവര്‍ത്തനസജ്‌ജമാകുമെന്നാണ് വിവരം. കില കാമ്പസില്‍ നിര്‍മിക്കുന്ന അക്കാദമിക് കോളേജിനോട് ചേര്‍ന്ന പത്ത് ഏക്കറിലാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്