-->
മുക്കം: 2026-27 വര്‍ഷത്തെ മുക്കം നഗരസഭാ ബജറ്റില്‍ 76 കോടി രൂപ വരവും 73.5 കോടി രൂപ ചെലവും 2.5 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മെഗാ പദ്ധതി ലക്ഷ്യമിട്ടള്ള പദ്ധതി ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.പി ചാന്ദ്‌നിയുടെ അധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.എ പ്രദീപ് കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭാ കെട്ടിടത്തിന് ഒരു കോടി രൂപയും ഭവന നിര്‍മാണത്തിന് ഒരു കോടി രൂപയും വിവിധ റോഡുകള്‍ക്കായി 4.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എല്‍.പി വിഭാഗം ക്ലാസ് മുറികള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സ് ശീതീകരിക്കും. ഇതുമൂലമുണ്ടാകുന്ന വൈദ്യുതി ചെലവ് ലഘൂകരിക്കുന്നതിന് സ്‌കൂളുകളില്‍ സോളാര്‍ പാനലുകള്‍ വിന്യസിക്കും. ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലൂടെ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് ബോട്ട് ജെട്ടികള്‍ നിര്‍മിക്കാന്‍ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായനശാലകള്‍ക്കും അംഗനവാടികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ അംഗനവാടികളും സ്‌മാര്‍ട്ടാക്കുന്ന ബ്ലൂംബിറ്റ പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.നഗരരാവുകളെ പകലാക്കുന്ന സൂര്യനഗര്‍ പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവിലുള്ള തെരുവുവിളക്കുകള്‍ സംരക്ഷിക്കുന്നതിനും പുതിയ തെരുവുവിളക്കുകള്‍ സ്‌ഥാപിക്കുന്നതിനും സൗരവിളക്കുകള്‍ സ്‌ഥാപിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൂട്ടിരിക്കാന്‍ പാട്ടുപെട്ടി എന്ന പദ്ധതിയിലൂടെ റേഡിയോ സൗജന്യമായി നല്‍കും. വനിതകള്‍ക്കായി ഹോം നേഴ്‌സിംഗ്, ഹോം ടെക്‌നീഷ്യന്‍ പരിശീലനങ്ങള്‍, ഷീ ഓട്ടോ, ഷീ ലോഡ്‌ജ് തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 50 ലക്ഷം രൂപയും മൃഗസംരക്ഷണമേഖലയില്‍ 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള പദ്ധതികളായ വിജയോത്സവം, ആര്‍ച്ച, നീന്തിവാ മക്കളേ, മെറിട്ടോറിയല്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ തുടരും. കാട്ടുപന്നി ശല്യം തടയിടാന്‍ 10 ലക്ഷം രൂപയുടെ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിത ഓട്ടോറിക്ഷ പദ്ധതിക്ക് 6 ലക്ഷം, ചക്ക സംസ്‌ക്കരണ യൂണിറ്റിന് 7 ലക്ഷം രൂപ അഗസ്‌ത്യന്‍ മുഴിയിലെ ബ്രീട്ടീഷ് പാലം പൈതൃകമായി നിലനിര്‍ത്താന്‍ 10 ലക്ഷം രുപ. തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നു. ബജറ്റിന്‍മേലുള്ള ചര്‍ച്ച നാളെ രാവിലെ നടക്കും.
ബാലുശേരി: വികസനക്കുതിപ്പിന് ഊന്നല്‍ നല്‍കി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 43.74 കോടി രൂപ വരവും 39.67 കോടി രൂപ ചെലവും 4.07 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ കുന്നക്കാട്ടുമ്മല്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി അധ്യക്ഷത വഹിച്ചു. ഉത്‌പാദന മേഖലയ്‌ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ മാലിന്യമുക്‌ത ബാലുശ്ശേരി എന്ന ലക്ഷ്യത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ലൈബ്രറി, ജനങ്ങളുടെ ശാരീരികമാനസിക ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍ എന്നിവ ബജറ്റിലെ പ്രധാന ആകര്‍ഷണങ്ങളാണ്. എല്ലാ മേഖലകളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 202627 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഈ പദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്.പ്രതീക്ഷിത വരവ്: 43,74,74,760 പ്രതീക്ഷിത ചെലവ്: 39,67,47,760 മിച്ചം: 4,07,07,000 ചടങ്ങില്‍ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സിറാജ് യു.കെ, ഷണ്‍മുഖന്‍ പാലാഞ്ചേരി, അതുല്യ മംഗലശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. ബിജു എന്നിവരും വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്‌ഥരും സംസാരിച്ചു. നൂതനമായ പദ്ധതികളിലൂടെ ബാലുശ്ശേരിയുടെ സമഗ്ര വികസനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
നാദാപുരം: ഗ്രാമപഞ്ചായത്തില്‍ 2026-27 വര്‍ഷത്തില്‍ 79,38,89721 രൂപ വരവും 75,41,95,235 രൂപ ചിലവും 3,96,94,486 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. റോഡ് പുനരുദ്ധാരണത്തിന് 8746400 രൂപയും പൊതു കെട്ടിട നിര്‍മ്മാണത്തിന് 89 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കല്ലാച്ചിയുടെ മത്സ്യ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചു. കാര്‍ഷിക മേഖലയ്‌ക്ക് 56.30 ലക്ഷം രൂപയും വനിതാ ക്ഷേമത്തിന് 38 ലക്ഷം രൂപയും നീക്കിവെച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ സര്‍ഗാത്മകമാക്കുന്ന പദ്ധതി ശ്രേഷ്‌ഠ കണ്മണി എന്ന പേരില്‍ നടപ്പിലാക്കും ഇതിനായി 50 ലക്ഷം രൂപ ചിലവഴിക്കും
വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട്, വീട് വെക്കാന്‍ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തിക സഹായം, യുവജനക്ഷേമ പദ്ധതികള്‍, സര്‍ണ്മ വസന്തം എന്ന പേരില്‍ പ്രത്യേക ഫെസ്‌റ്റ് തുടങ്ങിയ വൈവിധ്യ പദ്ധതികളും ബജറ്റിലുണ്ട്. പ്രസിഡന്റ് സഫീറ മൂന്നാംകുനിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് ബജറ്റ് അവതരിപ്പിച്ചു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റംല, വി. അബ്‌ദുല്‍ ജലീല്‍, പി.വി ജയലക്ഷ്‌മി, പഞ്ചായത്ത് സെക്രട്ടറി എം. പി റജുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.