-->
നാരായണ നഗരം പുതിയ ബസ്സ് സ്‌റ്റാന്‍ഡിന് സമീപത്തുള്ള ഉയരപ്പാതയില്‍ നാട്ടിയ ഗര്‍ഡറില്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള ഷീറ്റ് നിരത്തി രാത്രിയിലുള്ള ഈ ജോലിത്തിരക്ക് കണ്ടാല്‍ വിചാരിക്കും ഈ മാസം പാത തുറന്ന് കൊടുക്കുമെന്ന്. എന്നാല്‍ ഈ മാസം പോയി ഈ വര്‍ഷാവസാനമെങ്കിലും ഇവിടുത്തെ പണി എവിടെയെങ്കിവലും എത്തുമോ എന്ന് ആശങ്ക ഉയര്‍ത്തുന്ന രീതിയില്‍ ആണ് റോഡ് പണിയും പാലം പണിയും ഇഴഞ്ഞ് നീങ്ങുന്നത്.
അഴിയൂര്‍ വെങ്ങളം റീച്ചിലെ വടകര ഭാഗത്തൂള്ള ദേശീയപാത വികസന ജോലിക്ക് ഒച്ചിന്റെ വേഗതയെന്നാണ് മറ്റ് പലയിടങ്ങളിലും പോയി ദേശീയ പാതയിലൂടെ കുതിച്ചു പാഞ്ഞ് സഞ്ചരിച്ച് വടകര ഭാഗത്ത് എത്തുന്നവര്‍ പരക്കെ പരാതിപ്പെടുകയാണ്. എന്നാണ് വടകരയില്‍ ജോലി ആരംഭിച്ചതെന്ന തിയതി പോലും ഇവിടത്തുകാര്‍ മറന്നു. എന്ന് തീരും എന്ന പ്രതീക്ഷയും കളഞ്ഞ് ഗതാഗത സ്‌തംഭനം നിത്യ അനുഭവമായി തീര്‍ന്നിരിക്കേ, എന്നെങ്കിലും തീരുമല്ലോ എന്ന ഭാവത്തില്‍ സ്വയം ശപിച്ച് കഴിയുന്നിടത്തോളം വടകര ഭാഗത്തേക്ക് വരാതെ നോക്കുന്ന അവസ്‌ഥയില്‍ എത്തിയിരക്കയാണ്. പെരുവാട്ടിന്‍ താഴെ നിന്ന് കരിമ്പനപാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്ത് ചിലയിടത്ത് ഉയരപ്പാതയും ഇടക്കിടെ മണ്ണിട്ടുയര്‍ത്തിയ റോഡും ആണ് തയ്യാറാവുന്നത്. എന്നാല്‍ പണി തുടങ്ങി ഇത്ര കാലമായിട്ടും ഒരു പണിയും എവിടെയും എത്തിയില്ലെന്ന് മാത്രമല്ല ഗതാഗതത്തിന് നല്‍കിയ സര്‍വീസ് റോഡ് പോലും അസഹനീയമായ രീതിയില്‍ പൊട്ടി പൊളിഞ്ഞ് നിലയിലാണുള്ളത്.
മാത്രമല്ല, തെക്കോട്ടും വടക്കോട്ടുമുള്ള സര്‍വീസ് റോഡിന്റെ ഓരത്ത് നിര്‍മ്മിച്ച ഓവുചാലിന് മുകളില്‍ വാര്‍ത്തിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഒന്നൊന്നായി പൊട്ടുന്നതും കാല്‍നടയാത്രക്കാരുടെ സുരക്ഷിത യാത്രക്ക് ഭീഷണിയായി നിലകൊള്ളുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാവുന്‌പോള്‍ കണ്ണൂര്‍കോഴിക്കോട് ദീര്‍ഘദൂര ബസുകളും എന്തിനധികം ആംബുലന്‍സുകളും ഗതി മാറി ഈ സര്‍വീസ് റോഡിലൂടെ മറികടന്നാണ് ലക്ഷ്യസ്‌ഥാനത്തേക്ക് നീങ്ങുന്നത്. ഇരു ഭാഗത്തും സര്‍വീസ് റോഡ് പണി ആരംഭിച്ചതോടെ ദേശീയപാതയോരത്തുള്ള ആശ ഹോസ്‌പിറ്റലില്‍ എത്തിച്ചേരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയാണ്. ഏതായാലും എത്രയും വേഗം റോഡ് പണി തീരണമേയെന്ന് ആഗ്രഹിക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തി കൊണ്ടാണ് വഗാഢ് കമ്പനി റോഡ് പണി തുടരുന്നതെന്നാണ് പരക്കെയുള്ള പരാതി.
ആര്‍ വിജയന്‍
വടകര