-->
കോഴഞ്ചേരി: ഗ്രാമീണ മേഖലകളില്‍ പൊതു ഗതാഗതം അത്യപൂര്‍വമായിരുന്ന കാലഘട്ടത്തില്‍ ഒരു നാടിന്‍റെ ഗതി -വിഗതികളില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് അത് വഴി ഓടിക്കൊണ്ടിരുന്ന ഒരു ബസായിരുന്നു. പുതുതലമുറക്ക് ഇത് ഒരു നേരമ്പോക്കായി കരുതാമെങ്കിലും ഇത് ഒരു യാഥാര്‍ഥ്യമായിരുന്നു.ചെങ്ങന്നൂര്‍-കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കാരക്കാടന്‍ എന്ന വിളിപ്പേരുള്ള കെ.എസ്.ആര്‍.ടി.സി ബസിനായിരുന്നു ഈ ബഹുമതി.കാരക്കാടന്‍ വരുന്നതനുസരിച്ചാണ് ഇവിടെ സമയം അന്ന് അറിയിച്ചിരുന്നത്.ഇതനുസരിച്ചാണ് മറ്റ് പരിപാടികള്‍ ഗ്രാമ വാസികള്‍ ക്രമീകരിച്ചിരുന്നതും.രാവിലെയും ഉച്ചക്കും വൈകിട്ടും സര്‍വീസ് ഉണ്ടായിരുന്നു.
ഏതാണ്ട് ആറ് പതിറ്റാണ്ട് മുന്‍പ് സര്‍വീസ് ആരംഭിച്ച ബസ് ദീര്‍ഘകാലം ഓടിയിരുന്നു.ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ച് കാരയ്‌ക്കാട് - മെഴുവേലി- കുഴിക്കാലാ വഴി കോഴഞ്ചേരിക്ക് ആയിരുന്നു സര്‍വീസ്.പമ്പാ ജലസേചന പദ്ധതി ആരംഭിക്കും മുന്‍പേ ആണ് ഈ സര്‍വീസിന് തുടക്കമായത്.ആറന്മുള എം.എല്‍.എ യും മെഴുവേലി സ്വദേശിയുമായിരുന്ന പി.എന്‍ ചന്ദ്രസേനന്‍ ആയിരുന്നു ഈ സര്‍വീസിന് തുടക്കമിട്ടത്. ബസ് സര്‍വീസ് നടത്താന്‍ പറ്റിയ റോഡ് തന്നെ ഇല്ലാതിരുന്ന കാലത്താണ് ഏതാണ്ട് എട്ട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു് ഈ സര്‍വീസ് നടത്തിയത്.മെഴുവേലി പദ്‌മനാഭോദയം സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ കൂടിയായിരുന്ന എം.എല്‍.എ ക്ക് ഈ വിദ്യാലയത്തിലേക്ക് കുട്ടികളുടെയും അധ്യാപകരുടെയും യാത്രയെ പറ്റി തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു.
മറ്റൊരു പ്രമുഖ വിദ്യാലയമായിരുന്ന കുഴിക്കാലാ സി.എം.എസ് ഹൈസ്‌കൂളും ബന്ധിപ്പിച്ചായിരുന്നു ബസ് റൂട്ട്.മെഴുവേലിയില്‍ നിന്നും കുഴിക്കാലാ പുന്നമൂട് ജങ്‌ഷനില്‍ എത്തി നേരെ കോഴഞ്ചേരിക്ക് പോകുന്നതിന് പകരം സി.എം.എസ് സ്‌കൂളിന് സമീപം എത്തി യാത്രക്കാരെ ഇറക്കിയാണ് യാത്ര തുടര്‍ന്നിരുന്നത്.ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജിലേക്കും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലേക്കും ഉള്ള അധ്യാപകരും വിദ്യാര്‍ഥികളും ആശ്രയിച്ചിരുന്നതും കാരക്കാടനെ ആയിരുന്നു.അക്കാലത്തു് ഇത് വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് മാത്രമാണ് ഉണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ച് കാരയ്‌ക്കാട് മെഴുവേലി വഴി കോഴഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ് പിന്നീട് സര്‍വ്വീസ് സഷ്‌ടമായതിനെ നിര്‍ത്തി വച്ചു.
നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കടമ്മനിട്ട രാമകൃഷ്‌ണന്‍ എം. എല്‍.എ ആയിരുന്നപ്പോള്‍ ഈ സര്‍വീസ് കാരയ്‌ക്കാട് - ഉള്ളന്നുര്‍- ഇലവുംതിട്ട വഴി പത്തനംതിട്ടക്ക് പുന:ക്രമീകരിച്ചു .ഏറെക്കാലം ലാഭകരമായി ഓടിക്കൊണ്ടിരുന്ന ബസ് നാട്ടുകാര്‍ക്ക് പ്രയോജനകരമായിരുന്നു എന്നാല്‍ കോവിട് മഹാമാരി ഈ സര്‍വീസിനെയും ബാധിച്ചു. അന്ന് പൊതു ഗതാഗതം നിര്‍ത്തലാക്കിയപ്പോള്‍ കരക്കാടനും നിലച്ചു.എന്നാല്‍ കോവിടിന് ശേഷം മിക്ക സര്‍വീസുകളും വീണ്ടും തുടങ്ങിയെങ്കിലും റോഡ് തകര്‍ച്ചയുടെ പേരില്‍ കാരക്കാടന്‍ ഈ വഴി പിന്നീട് വന്നില്ല. സര്‍വീസ് നിലച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇത് പുനരാരംഭിക്കാന്‍ ഒരു ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ബസാണ് ഈ റൂട്ടില്‍ ഓടിക്കൊണ്ടിരുന്നത്.ആറന്മുള, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ സംസ്‌ഥാന മന്ത്രിമാരും ആണ്.അതിനാല്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് സര്‍വീസ് വീണ്ടും ആരംഭിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ പങ്ക് വയ്‌ക്കുന്നത്.