-->
കോട്ടയം: പരിശോധനകളും നിര്‍ദേശങ്ങളും കര്‍ശനമാക്കുമ്പോഴും വാഹനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അപകട ഡ്രൈവിങ്ങും വര്‍ധിക്കുന്നു. ജില്ലയില്‍ ജനുവരി മാസത്തില്‍ 1578 കേസുകളാണു രജിസ്‌റ്റര്‍ ചെയ്‌തത്. 28 ലക്ഷം രൂപപിഴ ഇനത്തില്‍ ഈടാക്കി. വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു വര്‍ധിക്കുന്നത്.
5000 രൂപയാണു പിഴ ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷന്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ ഇനത്തില്‍ ജനുവരിയില്‍ 29 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. സീബ്രാലൈനുകളിലും ക്രോസിങ്ങിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന കേസുകളും നിരവധിയാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഇത്തരത്തിലുള്ള കേസുകളുടെ തുടര്‍ നടപടി കോടതിമുഖേനയാണ്. 1000 രൂപ മുതല്‍ 3000 രൂപ വരെയാണു പിഴ ഈടാക്കുന്നത്.
ഈ മാസം ഇന്നലെ വരെയുള്ള കണക്കില്‍ പിഴ ഇനത്തില്‍ ലഭിച്ച തുക 57,75,230 രൂപയാണ്.പിഴ ഇനത്തില്‍ ഈടാക്കിയ തുക ജനുവരി മാസത്തെക്കാള്‍ കൂടുതലാണ്.
എ.ഐ കാമറ മുഖേനയുള്ള സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍ ഇവ ഒഴികെയുള്ള കണക്കാണിത്. അനധികൃതമായി ബസ് റൂട്ട് മാറ്റിയോടിക്കല്‍, ഉദ്യോഗസ്‌ഥരെ കണ്ടാല്‍ വാഹനം നിര്‍ത്താതെ പോകുന്നവര്‍, വിദ്യാര്‍ഥികള്‍ക്ക് എസ്.ടി നല്‍കാതിരിക്കല്‍, ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയ കേസുകളും നിരവധിയാണ്. ഈ മാസം അനധികൃത മോഡിഫിക്കേഷന് 89 കേസുകളും മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ പിടികൂടിയ 25 കേസുകളും ഈ മാസം റിപ്പോര്‍ട്ട് ചെയ്‌തു.
ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ചുള്ള മരണത്തെക്കാള്‍, വാഹനങ്ങള്‍ തട്ടി ജീവന്‍ പൊലിയുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. പെഡസ്‌ട്രിയല്‍ ക്രോസിംഗുകളിലാണ് അപകട വര്‍ധന.
സീബ്രാ ക്രോസിങ്ങില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് ഭീഷണിയാകുകയാണു വാഹനം ഓടിക്കുന്നവര്‍. സീബ്രാ ലൈന്‍ എത്തുമ്പോള്‍ വാഹനം വേഗത കുറയ്‌ക്കുകയോ റോഡ് മുറിച്ചു കടക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കായി ഒന്നരമീറ്റര്‍ ദൂരപരിധി പാലിച്ച് വാഹനം നിറുത്തുകയോ വേണമെന്നതാണു നിയമം. ഇവ പാലിക്കപ്പെടാറില്ല. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ജില്ലയില്‍ നടന്ന അപകടങ്ങളില്‍ 20 കാല്‍നടയാത്രികര്‍ മരിച്ചതു വാഹനങ്ങള്‍ തട്ടിയാണ്. 25 ശതമാനമാണു വര്‍ധന.