-->
കോട്ടയം: രാവിലെ നേരിയ തണുപ്പും മൂടല്‍ മഞ്ഞും പിന്നാലെ അതിശക്‌തമായ ചൂട്, വൈകിട്ട് മഴ... പ്രതിരോധം ശക്‌തമാക്കിയില്ലെങ്കില്‍, കാലാവസ്‌ഥയിലെ പെട്ടെന്നുണ്ടായ മാറ്റം നാടിനെ നയിക്കുന്നത് പനിക്കിടക്കയിലേക്ക്.
പകര്‍ച്ച പനിയും മറ്റു പകര്‍ച്ച വ്യാധികളും ജില്ലയില്‍ പല ഭാഗങ്ങളിലും പടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചുമയും ജലദോഷവും അടക്കമുള്ള രോഗങ്ങള്‍ വ്യാപകമാകുന്നതിനിടെയാണു കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള രോഗസാധ്യത.
ചുമയെത്തുടര്‍ന്നു നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്. ആഴ്‌ചകള്‍ ചികിത്സിച്ചാലും ചുമ മാറാത്ത അവസ്‌ഥയാണ്‌്. കുട്ടികളും വയോധികരുമാണ് ഏറെ വലയുന്നത്.
ജനുവരി പകുതി മുതല്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെട്ടിരുന്നു. പിന്നാലെയുണ്ടായ വരണ്ട കാലാവസ്‌ഥാ രോഗ വ്യാപനത്തിനും കാരണമായിരുന്നു. രണ്ടാഴ്‌ച്ചയോളം നീണ്ടു നില്‍ക്കുന്ന പനിയാണ് ഇപ്പോള്‍ പലര്‍ക്കും പിടിപെട്ടിട്ടിള്ളത്.
കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ രോഗം സുഖപ്പെടില്ലെന്ന് ഡോക്‌ടര്‍മാര്‍ മുന്നറിപ്പ് നല്‍കുന്നു.
പനിക്കൊപ്പം ശരീര വേദന, ക്ഷീണം, തളര്‍ച്ച എന്നിവയും അനുഭവപ്പെടുന്നുണ്ട്. കൊച്ചു കുട്ടികള്‍ തുടങ്ങി പ്രായമായവരില്‍ വരെ രോഗം വ്യാപിക്കുന്നുണ്ട്. വേനല്‍ മഴയ്‌ക്കു പിന്നാലെ കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പടരാനുള്ള സാധ്യതയുമുണ്ടെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
പനി വ്യാപിച്ചു തുടങ്ങിയതോടെ കിഴക്കന്‍ മേഖലകളിലെ ആശുപത്രി ഒ.പികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പല സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ ഡോക്‌ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികളെ നിയന്ത്രിക്കാനും സാധിക്കുന്നില്ല.
ഇതോടെ, സ്വകാര്യ ആശുപത്രികളിലേക്കു ചികിത്സ തേടി പോകേണ്ടി വരുമ്പോള്‍ വന്‍ പണച്ചെലവുമുണ്ടാകുന്നതായി ജനങ്ങള്‍ പറയുന്നു.
വേനല്‍ മഴ പെയ്‌തുവെങ്കിലും ജലസ്രോതസുകള്‍ വറ്റി വരണ്ടു കിടക്കുന്നതിനാല്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ശുദ്ധ ജലക്ഷാമം മൂലമുണ്ടാകുന്ന രോഗവ്യാപനത്തിന് ഇതു കാരണമാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയെന്നതാണ് ഇത്തരം രോഗങ്ങളില്‍ നിന്നു രക്ഷ നേടാനുള്ള പോംവഴിയെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. വയറിളക്ക രോഗങ്ങളാണ് വ്യാപകമായി പടരുന്നത്.