-->
പാലാ: 2021 ല്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ജോസ് കെ മാണി എം.പി. നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ ആരോപിക്കുന്നു.
പാലം തകര്‍ന്നതുമുതല്‍ മന്ത്രിതലത്തിലും ഉദ്യോഗസ്‌ഥ തലത്തിലും പുനര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് ആവശ്യപ്പെട്ട്‌് 20 ലധികം നേരിട്ടുള്ള അഭ്യര്‍ത്ഥനകളും കത്തിടപാടുകളും നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ ഒരു വര്‍ഷത്തെ എം.എല്‍.എ ഫണ്ട് മുഴുവന്‍ ഈ കാര്യത്തിനായി നീക്കിവച്ചെങ്കിലും സാങ്കേതിക തടസവാദങ്ങള്‍ ഉയര്‍ത്തി നടപടി വൈകിച്ചു.
മുന്നിലവ് പഞ്ചായത്തിലെ ചില്ലച്ചി പാലത്തിന് സമീപന പാത ലഭിക്കില്ല എന്നുറപ്പായപ്പോള്‍ അതിനായി നീക്കിവെച്ചിരുന്ന പണം കടവുപുഴ പാല നിര്‍മ്മാണത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു.
ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌ത് നിയമ പോരാട്ടം നടത്തി.
ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം 1.4.2025 ല്‍ രണ്ട് മാസത്തിനകം പാലം നിര്‍മ്മാണത്തിന് അഡ്‌മിനിസ്‌ട്രറ്റീവ് സാങ്ങ്‌ഷന്‍ നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഇടക്കാല ഉത്തരവിട്ടു.
എന്നിട്ടും ഫലമുണ്ടാകാത്തതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ക്കായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും 18.2.2026നകം ഭരണാനുമതി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഫെബ്രുവരി 3ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു.
ഈ കേസ് തുടര്‍വാദം കേള്‍ക്കാനായി മാര്‍ച്ച് 17-ലേക്ക് പോസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. വസ്‌തുത ഇതായിരിക്കെ 2026 ജനുവരിയില്‍ ജോസ് കെ.മാണി നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തില്‍ ചില്ലച്ചി പാലത്തിനായി നീക്കിവെച്ച പണം കടവുപുഴ പാല നിര്‍മ്മാണത്തിനനായി അനുവദിക്കുന്നതെന്ന ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള താണെന്നും നാളിതുവരെ പാലം പണി വൈകിച്ചതിന് ജനങ്ങളോട് മാപ്പുപറയണമെന്നും പത്രസമ്മേളനത്തില്‍ മാണി സി. കാപ്പന്‍ ആവശ്യപ്പെട്ടു.
ജനറല്‍ ആശുപതിയില്‍ പാര്‍ക്കിങ്ങിനായി നീക്കിവെച്ചിരിക്കുന്ന സ്‌ഥലത്ത് ഓങ്കോളജി ബ്ലോക്ക് പണിയുമ്പോള്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന തന്റെ നിര്‍ദേശത്തെ വളച്ചൊടിച്ച് താന്‍ ക്യാന്‍സര്‍ പടരുമെന്ന് പറഞ്ഞതായി പ്രചരിപ്പിച്ച് തന്നെ മോശക്കാരനാക്കുകയാണന്നും കാപ്പന്‍.
കാന്‍സര്‍ പടരുന്ന രോഗമല്ലെന്നും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഡിയേഷന്‍ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് താന്‍ പറഞ്ഞത്. ശരിയായ പഠനമില്ലാതെ കാര്യങ്ങള്‍ നടത്തിയാല്‍ ലണ്ടന്‍ ബ്രിഡ്‌ജിന്റെ അവസ്‌ഥ ക്യാന്‍സര്‍ ബ്ലോക്കിനും ഉണ്ടാകാമെന്നാണ് താന്‍ ഉദേശിച്ചതെന്നും വികസനത്തിന് എല്ലാ പിന്തുണയും നല്‍കുന്നതാണ് തന്റെ എക്കാലത്തെയും നിലപാടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.