-->
കോടിക്കുളം: പുസ്‌തകത്താളുകളിലെ അറിവിനപ്പുറം തനിക്ക് വെളിച്ചം പകര്‍ന്ന ഗുരുനാഥന്മാര്‍ക്കായി പത്താം ക്ലാസുകാരി കരുതിവച്ചത് അപൂര്‍വമായൊരു ഗുരുദക്ഷിണ. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പഴയ പീടികയിലിനും ഹെഡ്‌മിസ്‌ട്രസ് ടെസി തോമസിനും വിദ്യ പകര്‍ന്നുനല്‍കിയ എല്ലാ അധ്യാപകര്‍ക്കും അവരുടെ ചിത്രങ്ങള്‍ വരച്ചു സമ്മാനിച്ചാണ് കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി രാജേഷ് എല്ലാവരെയും വിസ്‌മയിപ്പിച്ചത്.
സ്‌കൂളില്‍ നടന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങാണ് അശ്വതിയുടെ ഈ സ്‌നേഹസമ്മാനത്തിലൂടെ വൈകാരികമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചത്.
മാസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലാണ് അശ്വതി അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ചത്. ചിത്രരചന ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും തന്റെ ജന്മസിദ്ധമായ കഴിവ് ഉപയോഗിച്ച് ഏതാനും മാസങ്ങളായി അശ്വതി പ്രിയപ്പെട്ട അധ്യാപകര്‍ക്കുള്ള സമ്മാനം ഒരുക്കുന്ന തിരക്കിലായിരുന്നു. സ്‌കൂള്‍ മാനേജരുടെയും മുഴുവന്‍ അധ്യാപകരുടെയും തന്മയത്വമുള്ള പോര്‍ട്രെയ്‌റ്റുകളാണ് സ്വന്തം കൈപ്പടയില്‍ തയാറാക്കിയത്. ഓരോ അധ്യാപകന്റെയും ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ കാന്‍വാസില്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ കണ്ടുനിന്നവര്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അത്ഭുതമായി.
അറിവ് പകര്‍ന്നു തരുന്ന അധ്യാപകര്‍ക്ക് നല്‍കാന്‍ ഇതിലും വലിയൊരു സമ്മാനം എന്റെ പക്കലില്ല. ഓരോ ചിത്രം വരയ്‌ക്കുമ്പോഴും അവര്‍ ക്ലാസ് മുറികളില്‍ നല്‍കിയ സ്‌നേഹവും കരുതലും മനസിലുണ്ടായിരുന്നു. ചിത്രങ്ങള്‍ സമ്മാനിച്ച് അശ്വതി വികാരാധീനയായി പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം അധ്യാപകരെയും ഏറെ സന്തോഷത്തിലാഴ്‌ത്തി. ചടങ്ങില്‍ സഹപാഠികളും അധ്യാപകരും അശ്വതിയെ അഭിനന്ദിച്ചു. ക്ലാസിലെ കുട്ടികളെല്ലാം ചേര്‍ന്ന് എല്ലാ അധ്യാപകരുടെയും ഫോട്ടോ ഒറ്റ ഫ്രെയിമിലാക്കി സമ്മാനിച്ചതും മനോഹര കാഴ്‌ചയായി.