Sunday, March 15, 2026 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

കോണ്‍ഗ്രസിന്റെ നിഷേധ രാഷ്‌ട്രീയം നാടിന്‌ ആപത്ത്‌: സി.പി.എം.

ചെറുതോണി: വികസന നിഷേധവും ബഹിഷ്‌കരണവും തുടരുന്ന കോണ്‍ഗ്രസിന്റെ രീതി നാടിന്‌ ആപത്തു സൃഷ്‌ടിക്കുന്ന ഫാസിസ്‌റ്റ് സമീപനമാണെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌. ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഏതു വികസനത്തെയും എതിര്‍ക്കുകയെന്ന നിലപാടിലേക്ക്‌ ഇടുക്കിയിലെ കോണ്‍ഗ്രസ്‌ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പട്ടയം എന്നത്‌ ജീവശ്വാസം പോലെ സുപ്രധാനമായ ഒന്നാണ്‌.
ഭൂമിക്കുമേലുള്ള അവകാശത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്‌ പതിറ്റാണ്ടുകളോളം പഴക്കമുണ്ട്‌. പരിസ്‌ഥിതി സംഘടനകള്‍ ഹൈക്കോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളെ അതിജീവിച്ച്‌ നിയമ പോരാട്ടത്തിലൂടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം 3000 പേര്‍ക്ക്‌ പട്ടയം നല്‍കി. എന്നാല്‍ ഈ ചടങ്ങില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ജനപ്രതിനിധികള്‍ വിട്ടു നിന്നു.
ഹൈറേഞ്ചിന്റെ സുവര്‍ണ നേട്ടമാണ്‌ മലയോര ഹൈവേ 203.36 കോടി രൂപ ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന റോഡ്‌ അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്‌ഘാടന വേളയിലും കോണ്‍ഗ്രസും യു.ഡി.എഫും വിട്ടുനിന്നു. ജില്ലാ ആസ്‌ഥാനത്ത്‌ കെ.എസ്‌.ആര്‍.ടി.സി ഓപ്പറേറ്റിംഗ്‌ സെന്റര്‍ എന്നത്‌ ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ്‌. അത്‌ പൂവണിയുന്നത്‌ കാണുന്നതിനുള്ള മനക്കരുത്ത്‌ കോണ്‍ഗ്രസിന്‌ ഇല്ലാത്തത്‌ കൊണ്ടാണോ ബഹിഷ്‌കരിച്ചത്‌ എന്നത്‌ വ്യക്‌തമല്ല. വാട്ടര്‍ അതോറിറ്റിയുടെ പൈനാവിലെ ഓഫീസ്‌ ഉദ്‌ഘാടനവും കോണ്‍ഗ്രസ്‌ ബഹിഷ്‌കരിച്ചു.
സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ നിര്‍മിച്ച ചെറുതോണി ബസ്‌ സ്‌റ്റാന്‍ഡിലെ മുറികള്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ വിട്ടുനല്‍കാതെ പദ്ധതി തടയാനാണ്‌ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതി ശ്രമിച്ചത്‌. യു.ഡി.എഫ്‌ ജില്ലാ പഞ്ചായത്ത്‌ ഭരിച്ചപ്പോഴൊക്കെ ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്‌. മെഡിക്കല്‍ കോളജിന്‌ 50 ഏക്കറും നഴ്‌സിംഗ്‌ കോളേജിന്‌ 3.5 ഏക്കറും നല്‍കിയത്‌ എല്‍.ഡി.എഫ്‌ ഭരണസമിതിയാണ്‌.
കാമാക്ഷി പഞ്ചായത്തില്‍ യുവജന മുന്നേറ്റതിന്‌ കരുത്ത്‌ പകരുന്ന സേ്‌റ്റഡിയം നിര്‍മ്മിക്കുന്നതിന്‌ 1.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എല്‍.ഡി.എഫ്‌ ഭരണ സമിതി സ്‌ഥലം ഏറ്റെടുത്ത്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പുതിയ യു.ഡി.എഫ്‌ ഭരണസമിതിയാകട്ടെ സ്‌റ്റേഡിയം നിര്‍മ്മിക്കേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുന്ന നിഷേധ രാഷ്‌ട്രീയം ജനങ്ങളിലേക്ക്‌ എത്തിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW