Sunday, March 15, 2026 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

ലോവര്‍ ചട്ട മൂന്നാര്‍ ഡാമിന്‌ ഭരണാനുമതി

ഇടുക്കി: ഇടുക്കി ജില്ലയുടെ കാര്‍ഷിക-കുടിവെള്ള മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പട്ടിശ്ശേരി ഡാമിനു പിന്നാലെ ലോവര്‍ ചട്ട മൂന്നാര്‍ ഡാമിനും സംസ്‌ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു.
കാവേരി ട്രിബ്യൂണല്‍ ഉത്തരവ്‌ പ്രകാരം കേരളത്തിന്‌ അനുവദിക്കപ്പെട്ട ജലം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പാമ്പാര്‍ നദിയില്‍ നിര്‍മിക്കുന്ന അണക്കെട്ടാണ്‌ ലോവര്‍ ചട്ട മൂന്നാര്‍ ഡാം. കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍ പട്ടിശ്ശേരി ഡാമിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചതിനു പിന്നാലെയാണ്‌ ഈ സുപ്രധാന തീരുമാനം. 102 കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിയാണിത്‌.
0.78 ടി.എം.സി (780 ദശലക്ഷം ഘനയടി) സംഭരണശേഷിയാണ്‌ ഡാമിനു വിഭാവനം ചെയ്‌തിട്ടുള്ളത്‌.
80 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയാണുള്ളത്‌. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ഏകദേശം 12,000 കര്‍ഷകര്‍ക്ക്‌ ഈ പദ്ധതി നേരിട്ട്‌ പ്രയോജനം ചെയ്യും.
ഇതോടൊപ്പം 1057 ഹെക്‌ടര്‍ പ്രദേശത്ത്‌ ജലസേചനം ഉറപ്പാക്കുന്നതിലൂടെ കരിമ്പ്‌, നെല്ല്‌, പച്ചക്കറി, നിലക്കടല കൃഷികള്‍ക്ക്‌ വലിയ തോതില്‍ സഹായകമാകും. നിരവധി കുടിവെള്ള പദ്ധതികള്‍ക്കും പദ്ധതി ഗുണകരമാകും.
അര്‍ഹമായ ജലം വിനിയോഗിക്കുന്നതില്‍ കേരളം കാണിക്കുന്ന ശുഷ്‌കാന്തിയുടെ അടയാളമാണ്‌ ഈ ഡാമുകളെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.
പട്ടിശ്ശേരി ഡാം യാഥാര്‍ത്ഥ്യമായതോടെ കാന്തല്ലൂര്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന്‌ ശാശ്വത പരിഹാരമായി.
തൊട്ടുപിന്നാലെ ലോവര്‍ ചട്ട മൂന്നാര്‍ പദ്ധതിക്ക്‌ ഭരണാനുമതി നല്‍കിയതിലൂടെ ഇടുക്കിയുടെ കിഴക്കന്‍ മേഖലയുടെ സമഗ്ര വികസനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ ഇതിന്റെ ഇന്‍വെസ്‌റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഭരണാനുമതി നല്‍കാന്‍ സാധിച്ചത്‌ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ചാണ്‌ ഈ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ ലോവര്‍ ചട്ട മൂന്നാര്‍ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW