Sunday, March 15, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

ഇരട്ടയാര്‍ പഞ്ചായത്തിന്‌ 30.4 കോടിയുടെ കരട്‌ ബജറ്റ്‌

കട്ടപ്പന: ഇരട്ടയാര്‍ ഡാം സൈറ്റ്‌, അടയാളക്കല്ല്‌ എന്നിവയുടെ ടൂറിസം വികസനം, ആരോഗ്യം, കാര്‍ഷികം തുടങ്ങിയ മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടും ഇരട്ടയാര്‍ പഞ്ചായത്തില്‍ കരട്‌ ബജറ്റ്‌ അവതരിപ്പിച്ചു. ജനോപകാര പ്രദമായ പദ്ധതികള്‍ക്ക്‌ പരമാവധി തുക വകയിരുത്തി 30.4കോടി വരവും 28.38 കോടി ചെലവും 1. 66 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ പ്രസിഡന്റ്‌ കെ.എ. രജനിയുടെ അധ്യക്ഷതയില്‍ വൈസ്‌ പ്രസിഡന്റ്‌ റെജി ഇലിപ്പുലിക്കാട്ട്‌് അവതരിപ്പിച്ചു. ഇരട്ടയാര്‍ പഞ്ചായത്തിന്‌ തനതുവരുമാനം വളരെ കുറവാണ്‌.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, മറ്റ്‌ സംസ്‌ഥാന ആവിഷ്‌കൃത പദ്ധതികള്‍, ത്രിതല പഞ്ചായത്ത്‌ വിഹിതം, എം.പി, എം.എല്‍.എ. ഫണ്ടുകള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയും പദ്ധതി സംയോജനം വഴിയും വികസന പ്രതിബന്ധങ്ങളെ മറികടക്കുന്നതിനുള്ള ആസൂത്രണമാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഇരട്ടയാര്‍ പഞ്ചായത്ത്‌ ജലലഭ്യതയില്‍ സെമി ക്രിട്ടിക്കല്‍ സോണിലാണ്‌. ഇത്‌ പരിഹരിക്കുന്നതിന്‌ ഭൂജല വകുപ്പുമായി സഹകരിച്ച്‌ കിണര്‍ റീചാര്‍ജിങ്ങിനുള്ള പദ്ധതി പരിപൂര്‍ണമായി നടപ്പിലാക്കും. പഞ്ചായത്ത്‌ ഓഫീസ്‌ മുകളില്‍ സോളാര്‍ പാനല്‍ സ്‌ഥാപിക്കുന്നതിനും അതിലൂടെ സ്‌ട്രീറ്റിലേക്ക്‌ പരിപാലത്തിന്‌ ആവശ്യമായ വരുന്ന വൈദ്യുതി ചാര്‍ജില്‍ പരമാവധി കുറവ്‌ വരുത്തുന്നതിനും പദ്ധതി ഏറ്റെടുത്ത്‌ നടപ്പിലാക്കും.
വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നൂതന പദ്ധതി ബഡ്‌ജറ്റിന്റെ ഭാഗമായി നടപ്പിലാക്കും ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഹോപ്പ്‌ ബ്രിഡ്‌ജ് എന്ന പദ്ധതി ഈ വര്‍ഷം ഏറ്റെടുക്കും. ഇ.പി.ഇ.പി മാതൃകയില്‍ പഞ്ചായത്ത്‌ പരിധിയിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിര്‍ണയിച്ച്‌ മൈക്രോപ്ലാന്‍ തയാറാക്കി നടപ്പിലാക്കുന്നതിനാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. പഞ്ചായത്തിലെ ചെമ്പകപ്പാറ ഫാമിലി ഹെല്‍ത്ത്‌ സെന്ററിന്റെ അടിസ്‌ഥാന സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിച്ച്‌ ആരോഗ്യമേഖലയില്‍ മാതൃക സ്‌ഥാപനമായി ഉയര്‍ത്തുന്നതിനും എന്‍ക്യു എ.എസ്‌ ആക്രഡിറ്റേഷന്‍ നേടുന്നതിനും ഈ വര്‍ഷം ലക്ഷ്യമിടുന്നുണ്ട്‌. വനിതകളുടെ ഉന്നമനത്തിനായി ഇവര്‍ക്ക്‌ പ്രയോജനം ലഭിച്ച രീതിയില്‍ ഈ വര്‍ഷം പദ്ധതികള്‍ ഏറ്റെടുക്കുന്നതും ബജറ്റ്‌ ലക്ഷ്യമിടുന്നു. വനിതാ ഘടക പദ്ധതികളുടെ ഫലപ്രാപ്‌തി വിലയിരുത്തുന്നതിന്‌ ജന്‍ഡര്‍ റിസോഴ്‌സസ്‌ സെന്റര്‍ രൂപീകരിക്കും. അഭ്യസ്‌ത വിദ്യരായ വനിതകള്‍ക്ക്‌ തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവയ്‌ക്കുള്ള പദ്ധതികള്‍ പ്രത്യേക സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയ കുടുംബശ്രീയുമായി സഹകരിച്ച്‌ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വകയിരുത്തല്‍ ഉണ്ടായിട്ടുണ്ട്‌.
കാര്‍ഷിക മേഖലയിലെ ഉല്‍പാദന വര്‍ധനവ്‌ ലക്ഷ്യപ്പെടുന്ന പദ്ധതികള്‍ ഈ വര്‍ഷവും കലണ്ടര്‍ പ്രകാരം നടപ്പിലാക്കും. കൂടാതെ കൃഷിഭവനോടു ചേര്‍ന്ന്‌ അഗ്രി ക്ലിനിക്‌, സംയോജിത കൃഷി ചെയ്യുന്നവര്‍ക്ക്‌ ബ്ലോക്ക്‌ പഞ്ചായത്തുമായി സഹകരിച്ച്‌ സാമ്പത്തിക സഹായം എന്നിവയും ഏറ്റെടുത്തിട്ടുണ്ട്‌. ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ എല്ലാം ക്ഷീര കര്‍ഷകരെയും ഉള്‍പ്പെടുത്തും. ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം ആധുനിക വാണിജ്യ കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. മാലിന്യ സംസ്‌കരണത്തിന്‌ ആവശ്യമായ സ്‌ഥലം വാങ്ങുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW