-->
മട്ടാഞ്ചേരി: കൊച്ചിയുടെ മുഖമുദ്രയായ ചീനവലകള്‍ക്ക് പുതു ജീവന്‍ വെയ്‌ക്കുന്നു.നാശോണ്‍മുഖമായി കൊണ്ടിരിക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍ പൈതൃക ഭംഗി നിലനിര്‍ത്തി നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വലകള്‍ കൈമാറി.
11 ചീനവലകള്‍ക്കാവശ്യമായ മുഴുവന്‍ വലയും കെ.ജെ മാക്‌സി എം.എല്‍.എ.ചീനവല ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കൈമാറി.
ചീനവല നവീകരണത്തിനായുള്ള തേക്കിന്‍ തടികള്‍ നേരത്തേ നല്‍കിയിരുന്നു.ഒന്നര കോടി രൂപ ചിലവഴിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പൈതൃകത്തിന്റെ അടയാളമായ ചീനവല നവീകരണം നടത്തുന്നത്.മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലെ ടെണ്ടര്‍ കൊടുത്ത് ചെയ്യാന്‍ കഴിയുന്ന ഒന്നല്ല ചീനവല നവീകരണം.വല വലിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഈ ജോലികള്‍ ചെയ്യാന്‍ കഴിയൂ.
അത് കൊണ്ട് തന്നെ ചീനവല ഉടമകളേയും തൊഴിലാളികളേയും ടൂറിസം വകുപ്പ് അധികൃതരേയും ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റിക്കാണ് നവീകരണ ചുമതല.
പദ്ധതിക്കാവശ്യമായ തേക്കിന്‍ തടികള്‍ വനം വകുപ്പില്‍ നിന്നാണ് ലഭിക്കേണ്ടത്.ഇത് ലഭ്യമാകാന്‍ കാല താമസം നേരിട്ടിരുന്നു.മാത്രമല്ല വലകള്‍ മത്സ്യഫെഡിന്റെ നെറ്റ് ഫാക്‌ടറിയില്‍ നിന്നാാണ് ലഭ്യമായത്.ഇത് മൂലം പദ്ധതി അല്‍പ്പം വൈകിയെങ്കിലും ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.ചടങ്ങില്‍ ചീനവല ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്‌റ്റ്യന്‍ കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു.ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ജി.ശ്രീകുമാര്‍,ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി തോമസ് കെന്നഡി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ചീനവലയില്‍ എത്തിയ എം.എല്‍.എ.തൊഴിലാളികളോടൊപ്പം വല വലിച്ചതും ശ്രദ്ധേയമായി.