-->
പെരുമ്പാവൂര്‍: 32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. വെസ്‌റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മിന്‍ഹാജ് ഷെയ്‌ഖ് (47), ടുട്ടു ഷെയ്‌ഖ് (36), മൗസം ഷെയ്‌ഖ് (36) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണ സംഘം പിടികൂടിയത്.
തിങ്കളാഴ്‌ച പുലര്‍ച്ചെ ആലുവയില്‍ ട്രെയിന്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് കടത്തുന്ന വഴി മാറമ്പിള്ളി കുന്നുവഴിയില്‍ നിന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടു വണ്ടിയില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒഡീഷയില്‍ നിന്ന് കിലോഗ്രാമിന് 3000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരില്‍ എത്തി കിലോയ്‌ക്ക് ഇരുപത്തിഅയ്യായിരം രൂപ നിരക്കില്‍ വില്‍പ്പന നടത്തി അടുത്ത ദിവസം തന്നെ മടങ്ങി പോവുകയായിരുന്നു രീതി.
അനേ്വഷണ സംഘത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്‌ടര്‍ ജിന്‍സണ്‍ ഡൊമിനിക്, എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോണ്‍സണ്‍, എ.എസ്.ഐ പി.എ. അബ്‌ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ ടി.എ അഫ്‌സല്‍, ബെന്നി ഐസക്, റോബിന്‍ ജോയി, രജിത്ത് രാജന്‍, എം.പി ജയന്തി, മുഹമ്മദ് ഷാന്‍, കെ.എസ്. സിബിന്‍ എന്നിവരാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പുത്തന്‍കുരിശ് പത്താം മൈലില്‍ നിന്ന് 30 കിലോ കഞ്ചാവുമായി അഞ്ച് മൂര്‍ഷിദാബാദ് സ്വദേശികളെ റൂറല്‍ പോലീസ് പിടികൂടിയിരുന്നു. അടുത്തിടെ പെരുമ്പാവൂര്‍ വാഴക്കുളത്ത് നിന്ന് 51 കിലോ കഞ്ചാവും പോലീസ് പിടികൂടിയിരുന്നു.