-->
മാവേലിക്കര: മെറ്റലുമായി എത്തിയ ടോറസ് ലോറിയുടെ പിന്‍ഭാഗത്തെ ഡോറിന്റെ ലോക്ക് വിട്ടുപോയതിനെത്തുടര്‍ന്ന് റോഡില്‍ മെറ്റല്‍ ചിതറിവീണത് അപകടഭീഷണി ഉയര്‍ത്തി. ഇന്നലെ വൈകിട്ട് ആറരയോടെ മിച്ചല്‍ ജങ്‌ഷനു കിഴക്കായിരുന്നു സംഭവം. നടയ്‌ക്കാവ് ജംഗ്‌ഷന്‍ മുതല്‍ മിച്ചല്‍
ജംഗ്‌ഷനിലേക്കുള്ള റോഡില്‍ ഏകദേശം നൂറുമീറ്ററോളം വരുന്ന ഭാഗത്താണ് അരയിഞ്ച് മെറ്റല്‍ വീണത്. റോഡിന്റെ മധ്യഭാഗത്തോളം ചിതറിവീണ മെറ്റല്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടക്കം അപകടഭീഷണിയായി.
രാത്രിയായതോടെ പലരും മെറ്റലില്‍ കയറിയ ശേഷമാണ് അപകടം തിരിച്ചറിഞ്ഞത്.
പിന്‍ഭാഗത്തുള്ള ഡോറിന്റെ രണ്ടു ലോക്കില്‍ ഒന്ന് തെന്നിമാറിയതോടെയാണ് മെറ്റല്‍ റോഡിലേക്കു വീണത്.
പിന്നാലെ എത്തിയ മറ്റു വാഹനയാത്രികരും സമീപത്തെ വ്യാപാരികളും അറിയിച്ചതിനെ തുടര്‍ന്നാണ് ലോറിയിലെ ഡ്രൈവറും സഹായിയും സംഭവം അറിഞ്ഞത്. ലോറിയിലെ ജീവനക്കാര്‍ മെറ്റല്‍ വാരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ, വിവരമറിഞ്ഞ് എത്തിയ മാവേലിക്കര അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്‌ത് മെറ്റല്‍ റോഡിന്റെ വശത്തേക്കു നീക്കി. മാവേലിക്കര പോലീസ് ഗതാഗതം നിയന്ത്രിച്ചു.