Thursday, March 12, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.49 AM

വേമ്പനാട്‌ കായല്‍ പുനരുജ്‌ജീവനത്തിന്‌ 1700 കോടിയുടെ പദ്ധതി: ജില്ലാ കലക്‌ടര്‍

ആലപ്പുഴ: വേമ്പനാട്‌ കായല്‍ പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കുന്നതിനും കായല്‍ ആവാസവ്യവസ്‌ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ ബൃഹത്‌ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌ പറഞ്ഞു. വേമ്പനാട്‌ കായല്‍ പുനരുജ്‌ജീവനവുമായി ബന്ധപ്പെട്ട്‌ പ്ലാസ്‌റ്റിക്‌ മുക്‌ത മെഗാ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനവും മാലിന്യ ശേഖരണത്തിന്‌ സജ്‌ജമാക്കിയ വള്ളത്തിന്റെ ഫ്‌ലാഗ്‌ ഓഫ്‌ കര്‍മ്മവും തണ്ണീര്‍മുക്കം ബോട്ട്‌ ജെട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ഫിഷറീസ്‌, കൃഷി, ഇറിഗേഷന്‍ വകുപ്പുകള്‍ക്കായി തയ്യാറാക്കിയ 702 കോടിയുടെ പദ്ധതികള്‍ നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്‌. 1000 കോടി രൂപയുടെ അധിക പ്ര?ജക്‌റ്റുകള്‍ ഉടന്‍ സമര്‍പ്പിക്കും. കായലിന്റെ അടുത്ത പ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളില്‍നിന്നും മുന്‍സിപ്പാലിറ്റികളില്‍നിന്നും ഇതിനോടകം 28 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ കൂടുതല്‍ ശാസ്‌ത്രീയമായ ഇടപെടലുകള്‍ നടത്തും. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ മൈക്രോ പ്ലാസ്‌റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തില്‍ എത്തുന്നത്‌ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടെന്നും അതിനാല്‍ കായല്‍ ശുചീകരണം അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കോര്‍പ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. 38 ഓളം കോര്‍പ്പറേറ്റുകള്‍ സി.എസ്‌.ആര്‍ ഫണ്ട്‌ വഴി ഈ ദൗത്യത്തില്‍ സഹകരിക്കും. കായലില്‍ നിന്ന്‌ ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ക്ക്‌ കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ പ്രതിഫലം നല്‍കുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകര്‍മ്മസേനയെയും ഇതിന്റെ ഭാഗമാക്കുമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. വേമ്പനാട്‌ കായലിനെ പ്ലാസ്‌റ്റിക്‌ മുക്‌തമാക്കുക എന്ന ലക്ഷ്യത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട്‌ കായല്‍തീരത്തെ തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കാമ്പയിനിന്റെ ഒന്നാംഘട്ടം വിജയം കൈവരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ മാര്‍ച്ച്‌ 31 വരെ നടത്തുന്നത്‌. പൈലറ്റ്‌ പദ്ധതിയായി തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്‌, രാമങ്കരി എന്നീ അഞ്ച്‌ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭ പരിധിയിലുമാണ്‌ നടത്തുന്നത്‌.
മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുമെല്ലാം കാമ്പയിനിന്റെ ഭാഗമാകും. ചടങ്ങില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ പ്രസന്നന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനില്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡി. ലിജി, സ്‌ഥിരംസമിതി അധ്യക്ഷരായ എസ്‌. സുമേഷ്‌, ജി. ശശികല, പ്രവീണ്‍ ജി. പണിക്കര്‍, കെ.ആര്‍ യമുന, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ എന്‍.കെ ഹരിഹരപ്പണിക്കര്‍, റെജി പ്രകാശന്‍, പഞ്ചായത്ത്‌ സെക്രട്ടറി ജി. അനില്‍കുമാര്‍, മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 03 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW