-->
ആലപ്പുഴ: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന്റെ ഫലം കര്‍ഷകര്‍ക്ക് കൂടുതല്‍ ലഭ്യമാക്കുകയും കാലാവസ്‌ഥാ വ്യതിയാനത്തില്‍ കര്‍ഷകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയുമാണ് കേര പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ചേര്‍ത്തല വി.ടി.എ എം. ഓഡിറ്റോറിയത്തില്‍ കേര പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്‍ഷിക മേഖലയ്‌ക്കായി മാത്രം ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്രപദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇതില്‍ സംസ്‌ഥാന സര്‍ക്കാരിന് വലിയ ചരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നെല്‍ക്കൃഷിക്കായി 336 കോടി രൂപയുടെ പദ്ധതിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കാപ്പി, റബ്ബര്‍, ഏലം കര്‍ഷകര്‍ക്കും കേരപദ്ധതിയുടെ ഗുണം ലഭിക്കും. കേരളത്തില്‍ കാലാവസ്‌ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രയാസം ഒട്ടും ചെറുതല്ല. പ്രകൃതിയെ മനസിലാക്കി കാലാവസ്‌ഥാ വ്യതിയാനത്തെ അതിജീവിച്ച് കര്‍ഷകരെ മുന്നേറാന്‍ ഈ പദ്ധതി പ്രാപ്‌തരാക്കും. ഇതിനാവശ്യമായ വിജ്‌ഞാനവും സാങ്കേതികവിദ്യയും ഉറപ്പാക്കാന്‍ പദ്ധതിയില്‍ സംവിധാനങ്ങളുണ്ട്. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിന് പുതിയൊരു ദിശാബോധം നല്‍കുന്നതിനാണ് ഇവിടെ തുടക്കമാകുന്നത്. കര്‍ഷകര്‍ നേരിടുന്ന വിളവെടുപ്പാനന്തര നഷ്‌ടം എന്ന വലിയ പ്രതിസന്ധിയെ അതിജീവിക്കാനും പദ്ധതിയിലൂടെ സാധിക്കും. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധന്‍ പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി റബ്ബര്‍, ഏലം കര്‍ഷകര്‍ക്ക് പുനര്‍ നടീലിനുള്ള ഗ്രാന്റ് കൃഷിമന്ത്രി വിതരണം ചെയ്‌തു. കേര-എം.എസ്.എം.ഇ. വെബ് പോര്‍ട്ടലിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. സംസ്‌ഥാനത്തെ പഴം-പച്ചക്കറി ഉല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ച്, തരിശ് ഭൂമികള്‍ കാര്‍ഷിക സമ്പുഷ്‌ടമാക്കുവാനുള്ള നവോ-ധന്‍ പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) ഒരുക്കിയ താല്‌പര്യ പത്ര ഉടമ്പടിയില്‍ കേരള അഗ്രോ മെഷിനറി കോര്‍പറേഷനും (കാംകോ) എറണാകുളം നോര്‍ത്ത് പറവൂരിലെ പി.എസ്.ആദിഷ് എന്ന കര്‍ഷകനും ചേര്‍ന്ന് ഒപ്പുവെച്ചു. സംസ്‌ഥാനത്തെ ആദ്യ കര്‍ഷക ഉല്‍പാദക-വിപണന സഖ്യത്തിനായി മലപ്പുറം കരുവാരക്കുണ്ട് മിരിസ്‌റ്റിക്ക മലബാര്‍ ഫാര്‍മര്‍ പ്ര?ഡ്യൂസര്‍ കമ്പനിയും എറണാകുളത്തെ കൊക്കോബീന്‍ ചോക്ലേറ്റ് ഫാക്‌ടറി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് കരാര്‍ ഒപ്പുവച്ചു.
ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്‍ എസ്. രാധാകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, തുടങ്ങിയവര്‍ പങ്കെടുത്തു.