-->
ആലപ്പുഴ: സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കാന്‍ സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വന്നതോടെ ആലപ്പുഴ സി.പി.എമ്മിലെ പ്രമുഖര്‍ വെട്ടിലായി. മത്സരിക്കാന്‍ ഒരുങ്ങി നിന്ന ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, മുന്‍ എം.പി എ.എം ആരിഫ് ഉള്‍പ്പെടെയുള്ളവരാണു പ്രതിസന്ധിയിലായത്. കായംകുളത്തും അരൂരിലും ജില്ലാ സെക്രട്ടറി മത്സരിക്കാനാണു പരിഗണിച്ചിരുന്നത്. ഇതില്‍ തന്നെ കായംകുളത്തിനായിരുന്നു പ്രഥമ പരിഗണന. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ യു. പ്രതിഭയ്‌ക്കു പകരം ജില്ലാ സെക്രട്ടറി ആര്‍. നാസറിനെ രംഗത്തിറക്കാനാണ് ജില്ലാ കമ്മിറ്റി ആലോചിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍, സിറ്റിംഗ് എം.എല്‍.എമാര്‍ വീണ്ടും ജനവിധി തേടണമെന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം അവതരിപ്പിച്ചതോടെ നാസറിന്റെ സ്‌ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായിട്ടുണ്ട്. ഇതോടെ കായംകുളത്ത് വീണ്ടും പ്രതിഭ തന്നെ ജനവിധി തേടുമെന്ന് ഏകദേശം ഉറപ്പായി. ഇതോടെ അരൂര്‍ പിടിക്കാനുള്ള നീക്കമാണ് നാസര്‍ അനൂകൂലികള്‍ ഇപ്പോള്‍ നടത്തുന്നത്.
സിറ്റിംഗ് എം.എല്‍.എയെ മത്സരിപ്പിക്കണമെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം അരൂരിലും ബാധകമാണെന്നിരിക്കെ ദലീമയ്‌ക്കൊപ്പം നാസറിന്റെ പേരുകൂടി ഇവിടെ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ കഴിഞ്ഞത് നാസര്‍ പക്ഷത്തിന്റെ വിജയമായി. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ മറികടക്കാനുള്ള അസാധാരണ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. അതേ സമയം ഇത്തവണ നിയമസഭയിലേക്കു മടങ്ങിയെത്താന്‍ ശ്രമിച്ചിരുന്ന എ.എം. ആരിഫ് എവിടെയും പരിഗണിക്കപ്പെട്ടില്ല.