Thursday, March 12, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

കര്‍ണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വന്‍ ഇടിവ്‌; കര്‍ഷകര്‍ പ്രതിസന്ധിയില്‍

uploads/news/2026/03/828130/4.jpg

കല്‍പ്പറ്റ: കര്‍ണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വന്‍ ഇടിവ്‌. കിലോഗ്രാമിന്‌ 10ഉം 11ഉം രൂപയാണ്‌ ഇന്നലെ വില. സമീപകാലത്ത്‌ ആദ്യമായാണ്‌ വില ഇത്തരത്തില്‍ മൂക്കുകുത്തുന്നതെന്ന്‌ കര്‍ണാടകയില്‍ സ്‌ഥലം പാട്ടത്തിനെടുത്ത്‌ വാഴക്കൃഷി നടത്തുന്ന മലയാളി കര്‍ഷകര്‍ പറയുന്നു. ഒരാഴ്‌ച മുമ്പ്‌ നേന്ത്രക്കുല കിലോഗ്രാമിന്‌ ശരാശരി 16 രൂപ വില ലഭിച്ചിരുന്നു. ദിവസങ്ങളായി വാഴക്കുല വാങ്ങാന്‍ കച്ചവടക്കാര്‍ എത്തുന്നില്ല. ഇത്‌ പല തോപ്പുകളിലും നേന്ത്രക്കുല പഴുത്തുനശിക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്‌. വയനാട്‌, മലപ്പുറം, തലശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ കര്‍ണാടകയില്‍ നിന്നു നേന്ത്രക്കുല വാങ്ങുന്നതില്‍ അധികവും. കര്‍ണാടകയില്‍ എച്ച്‌.ഡി കോട്ട, ഗുണ്ടില്‍പേട്ട, ചാമരാജ്‌നഗര്‍ പ്രദേശങ്ങളിലാണ്‌ നേന്ത്രവാഴക്കൃഷി വ്യാപകം.
വയനാട്ടുകാരാണ്‌ കൃഷിക്കാരില്‍ എറെയും. വാഴക്കൃഷിക്ക്‌ മാത്രമായി സ്‌ഥലം പാട്ടത്തിനെടുത്തവരാണ്‌ കര്‍ഷകരില്‍ പലരും. ഇഞ്ചിക്കൃഷിക്ക്‌ പാട്ടത്തിനെടുത്ത ഭൂമിയില്‍ വിളവെടുപ്പിനുശേഷം വാഴക്കൃഷി നടത്തുന്നവരുമുണ്ട്‌. ഉത്‌പാദനച്ചെലവുമായി ഒത്തുപോകുന്നതല്ല നേന്ത്രക്കുലയുടെ ഇപ്പോഴത്തെ വിലയെന്ന്‌ കൃഷിക്കാര്‍ പറയുന്നു. കിലോഗ്രാമിന്‌ 20 രൂപയെങ്കിലും വില കിട്ടിയാലേ കൃഷി പേരിനെങ്കിലും ലാഭകരമാകൂവെന്നാണ്‌ അവരുടെ പക്ഷം. ഭൂമി ഏക്കറിന്‌ 40,000 മുതല്‍ 50,000 വരെ രൂപയാണ്‌ വാര്‍ഷിക പാട്ടം. കൂലിച്ചെലവും കര്‍ണാടകയില്‍ വര്‍ധിച്ചിരിക്കയാണ്‌.
തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്ക്‌ 650 ഉം സ്‌ത്രീകള്‍ക്ക്‌ 400 ഉം രൂപയാണ്‌ ദിവസക്കൂലി. വാഴകളില്‍ പ്രയോഗിക്കേണ്ട വളംകീട നാശിനികള്‍ക്കും വില വര്‍ധിച്ചു. കര്‍ണാടകയില്‍ ഒരു ഏക്കര്‍ വാഴക്കൃഷിക്ക്‌ പാട്ടവും കൂലിച്ചെലവും ഉള്‍പ്പെടെ ഏകദേശം രണ്ട്‌ ലക്ഷം രൂപയാണ്‌ ചെലവ്‌. ഇപ്പോഴത്തെ വിലയില്‍ നേന്ത്രവാഴക്കൃഷി കര്‍ഷകര്‍ക്ക്‌ കനത്ത നഷ്‌ടത്തിനാണ്‌ കാരണമായത്‌. കര്‍ണാടകയില്‍ നേന്ത്രക്കുല വില ഇടിഞ്ഞെങ്കിലും വയനാടന്‍ വിപണികളില്‍ പച്ചക്കായ, നേന്ത്രപ്പഴം വിലയില്‍ കാര്യമായ കുറവില്ല. ഉപഭോക്‌താക്കള്‍ കിലോഗ്രാമിന്‌ 30ല്‍ അധികം രൂപ വില നല്‍കിയാണ്‌ നേന്ത്രപ്പഴം വാങ്ങുന്നത്‌.
വയനാട്ടില്‍ ഇത്‌ നേന്ത്രക്കുല വിളവെടുപ്പുകാലമല്ല. ജില്ലയില്‍ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ വേനല്‍ വിപണി ലക്ഷ്യമാക്കിയുള്ള വാഴക്കൃഷി. ഉത്‌പാദനം നാമമാത്രമാണെങ്കിലും ജില്ലയിലെ വിപണികളിലും നേന്ത്രക്കുല കിലോഗ്രാമിന്‌ 1112 രൂപയാണ്‌ വില. കര്‍ണാടകയെ അപേക്ഷിച്ച്‌ ജില്ലയില്‍ നേന്ത്രക്കുല ഉത്‌പാദനച്ചെലവ്‌ വളരെ കൂടുതലാണ്‌. കാറ്റിലും മഴയിലും മറിയാതിരിക്കുന്നതിനുള്ള കുത്ത്‌ കൊടുക്കുന്നതിന്‌ വാഴ ഒന്നിന്‌ 50 രൂപയ്‌ക്കടുത്താണ്‌ ചെലവ്‌. ജില്ലയില്‍ പടിഞ്ഞാറത്തറ, തരിയോട്‌, തവിഞ്ഞാല്‍, തൊണ്ടര്‍നാട്‌, വെളളമുണ്ട, എടവക, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളില്‍ നേന്ത്രവാഴക്കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ നിരവധി കര്‍ഷക കുടുംബങ്ങളുണ്ട്‌. ജില്ലയില്‍ നേന്ത്രവാഴക്കൃഷി മുതലാകണമെങ്കില്‍ കിലോഗ്രാമിനു 35 രൂപയെങ്കിലും വില ലഭിക്കണമെന്നു കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW