-->
നീര്‍മാതളങ്ങക്കിത് പൂക്കാലം. നീര്‍മാതങ്ങള്‍ പൂവിടാന്‍ തുടങ്ങിയാല്‍ കിള്ളാ നദി എന്ന് പൗരാണിക നാമമുള്ള കുപ്പം പുഴയുടെ തീരങ്ങള്‍ക്ക് സൗന്ദര്യമേറും. കര്‍ണാടകത്തില്‍ നിന്നും ഉത്ഭവിച്ച് വനാന്തരങ്ങളിലൂടെ ഒഴുകി കേരളത്തിന്റെ വടക്ക് കിഴക്ക് മലനിരകള്‍ കടന്നു എത്തുന്ന കുപ്പം പുഴ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ പുഴയാണ്. വേനല്‍ക്കാലം ആകുമ്പോള്‍ ഉത്തര മലബാറിന്റെ വസന്തോത്സവമായ പൂരക്കാലത്ത് വിവിധയിനം മരങ്ങളും വള്ളികളും പൂവിട്ടു തുടങ്ങും. കുപ്പം പുഴയുടെ വായിക്കാമ്പ മുതല്‍ കുപ്പം വരെയുള്ള തീരങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന വൃക്ഷമാണ് നീര്‍മാതളം. മാധവിക്കുട്ടിയുടെ ഗൃഹാതുരതകളില്‍ നിറഞ്ഞു നില്‍ക്കുകയും അതിലൂടെ വായനക്കാരുടെ മനസിലേക്ക് ചേക്കേറുകയും ചെയ്‌ത പൂക്കളാണ് നിര്‍മ്മാതളം പൂക്കള്‍. കടമ്പ്, പുഴമരുത്, ഉരുപ്പ്, ചേര്, നീര്‍മരുത്, ഞാണ, ഇരൂള്‍, വിവിധയിനം പാലകള്‍ എന്നിവയും പുല്ലാഞ്ഞി വള്ളികളുംചപ്പാരം വള്ളികളും പൂവിട്ടു നില്‍ക്കുന്ന സുന്ദരം ദൃശ്യങ്ങള്‍ കുപ്പം പുഴയ്‌ക്ക് മാത്രം സ്വന്തമാണ്. ചീക്കാട്, മണക്കടവ്, മുക്കട, കാര്‍ത്തികപുരം, തടിക്കടവ്, രയരോം, മങ്കര, കൂവേരി, തേറണ്ടി പ്രദേശങ്ങളിലെ തീരങ്ങളില്‍ നിര്‍മാതളം മരങ്ങള്‍ ഇപ്പോള്‍ പൂവിട്ട് നില്‍ക്കുകയാണ്. മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കള്‍ സന്ധ്യയോടെയാണ് വിടരുന്നത്. പൂക്കള്‍ വിരിയുമ്പോള്‍നേര്‍ത്ത മാദക ഗന്ധം കാറ്റില്‍ പടരും.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പൂക്കാലം. ആയുര്‍വേദത്തില്‍ ഔഷധഗുണമുള്ളതാണ് നീര്‍മാതളം. തടിയും വേരും തൊലിയും മൂത്രക്കല്ല് പോലുള്ള പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. വിത്തുകള്‍ നട്ടും കമ്പുകള്‍ മുറിച്ചു നട്ടുംപുതിയ ചെടികള്‍ ഉണ്ടാക്കാം. ക്രെറ്റേവ റെലിഗോസ എന്നാണ് ശാസ്‌ത്രനാമം. സംസ്‌കൃതത്തില്‍ വരുണം, പശുഗന്ധ എന്നും വിളിക്കുന്നു.
എ.വി. പ്രകാശന്‍ നടുവില്‍
ആലക്കോട്