-->
പനങ്ങാട് നോര്‍ത്ത് സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഒരുങ്ങുന്നത് സംഗീതവും സംസ്‌കാരവും ഇഴചേരുന്ന അപൂര്‍വ്വ സംഗമം. ശതസ്‌മിതം എന്ന് പേരിട്ടിരിക്കുന്ന സ്വാഗതഗാനം വിദ്യാലയത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രത്തെയും പാരമ്പര്യത്തെയും ഉള്‍ക്കൊള്ളുന്നതാണ്.
കേവലം ഒരു ഗാനമെന്നതിലുപരി, വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ തലമുറകളെ ഒന്നിപ്പിക്കുന്ന ഒരു സാംസ്‌കാരിക കണ്ണിയായി ഈ സംഗീതാര്‍ച്ചന മാറിക്കഴിഞ്ഞു. നിലവില്‍ സ്‌കൂളിലെ അധ്യാപകരും പൂര്‍വ്വവിദ്യാര്‍ഥികളും നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഈ ഗാനം അഭ്യസിച്ചുവരികയാണ്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ശതവാര്‍ഷികാഘോഷ വേദിയില്‍ നൂറുകണക്കിന് പേര്‍ ചേര്‍ന്നാകും ഈ ഗാനം ആലപിക്കുക.
മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തമായ മാതൃകയാണ് ശതസ്‌മിതം മുന്നോട്ടുവെക്കുന്നത്. സോപാന സംഗീതത്തിന്റെ തനിമയാര്‍ന്ന ശൈലിയില്‍ നടതുറന്നു ക്ഷേത്രനടതുറന്നു, അക്ഷരക്ഷേത്രനടതുറന്നു... എന്ന് ആരംഭിക്കുന്ന വരികള്‍ വിദ്യാലയത്തെ ഒരു പവിത്രമായ അക്ഷരക്ഷേത്രമായാണ് വിശേഷിപ്പിക്കുന്നത്. ഇന്‍ഷാ അല്ലാഹ്, അല്‍ഹംദുലില്ലാഹ്, ഈശ്വരോരക്ഷ, ജഗദീശ്വരോരക്ഷ തുടങ്ങിയ വരികള്‍ ഭാരതീയ ആത്മാവിന്റെ സമഭാവനയെ വിളിച്ചോതുന്നു. എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുകയും മാനവികതയ്‌ക്ക് മുന്‍ഗണന നല്‍കുകയും ചെയ്ുന്ന വയരികള്‍ ഈ കാലഘട്ടത്തിന് നല്‍കുന്ന വലിയൊരു സന്ദേശമാണ്.
വിദ്യാലയത്തില്‍ നിന്നും പകര്‍ന്നു കിട്ടുന്ന അറിവിനൊപ്പം ജീവിതമൂല്യങ്ങളെയും ഗാനം ഓര്‍മ്മിപ്പിക്കുന്നു. സത്യം, ധര്‍മ്മം, സ്വാതന്ത്ര്യം നിത്യം ഞങ്ങള്‍ക്കതു മന്ത്രം എന്ന വരികള്‍ ഓരോ വിദ്യാര്‍ഥിയും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കുട്ടിക്കാലത്ത് പഠിച്ച അ എന്ന് ചൊല്ലിയാല്‍ അമ്മ, ആ എന്ന് ചൊല്ലിയാല്‍ ആകാശം തുടങ്ങിയ സ്‌മരണകള്‍ ഉള്‍പ്പെടുത്തിയത് പഴയകാല വിദ്യാര്‍ഥികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തും. ജാതിമത ഭേദങ്ങളില്ലാത്ത, ഇരുവര്‍ണ്മമില്ലാത്ത ഒരു സമത്വസുന്ദരമായ ദേശമെന്ന സ്വപ്‌നമാണ് ഗാനത്തിന്റെ അന്തസ്സത്ത.
പ്രശസ്‌ത നാടക സംവിധായകനും അവാര്‍ഡ് ജേതാവുമായ എം.കെ രവിവര്‍മ്മയാണ് ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. വിദ്യാലയത്തിന്റെ ചരിത്രവും നാടിന്റെ സംസ്‌കാരവും കോര്‍ത്തിണക്കി അദ്ദേഹം രചിച്ച വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശസ്‌ത സംഗീതജ്‌ഞന്‍ നവോദയ ബാലകൃഷ്‌ണന്‍ ആണ്. സോപാന സംഗീതത്തിന്റെ ഗാംഭീര്യവും ഭക്‌തിയും ഒത്തുചേരുന്ന രീതിയിലാണ് അദ്ദേഹം ഈണം ഒരുക്കിയിരിക്കുന്നത്.
ഇത് ഗാനത്തിന് ഒരു ആത്മീയ പരിവേഷം നല്‍കുന്നു.ശതവാര്‍ഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാനാണ് സംഘാടക സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ ബാച്ചുകളില്‍ നിന്നുള്ള നൂറുകണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് ഗാനം പരിശീലിക്കുന്നത് പനങ്ങാടിന്റെ സാംസ്‌കാരിക കൂട്ടായ്‌മയുടെ തെളിവാണ്. ഗുരുഭൂതരേ സ്വാഗതം, സഹജാതരേ സ്വാഗതം എന്ന ഹൃദ്യമായ സ്വാഗതമൊഴി ശതവര്‍ഷങ്ങളുടെ സ്‌മൃതികളുമായി എത്തുന്ന ഏവരേയും വിദ്യാലയ മുറ്റത്തേക്ക് വരവേല്‍ക്കും. പനങ്ങാട് നോര്‍ത്ത് സ്‌കൂളിന്റെ ചരിത്രരേഖകളില്‍ ഈ സ്വാഗതഗാനം സുവര്‍ണ്ണ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെടുമെന്നുറപ്പാണ്.
കരുണന്‍ വൈകുണ്‌ഠം
ബാലുശ്ശേരി