-->
പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ് പുഴയില്‍ തേര്‍ത്തുകുന്ന് ഭാഗത്ത് പാലം നിര്‍മാണത്തിനുള്ള ഇന്‍വെസ്‌റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചത് പ്രതീക്ഷയേകുന്നു. തേര്‍ത്തുകുന്ന്, പാലിയാണ പ്രദേശത്തുള്ളവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം സഫലീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
മുന്‍പ് ഇവിടെ നിന്ന് അല്‍പം ദൂരെയുള്ള കാലിക്കടവ് ഭാഗത്തായിരുന്നു പാലം നിര്‍മാണത്തിന് അധികൃതര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ വന്‍ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് പാലിയാണ ഭാഗത്തേക്ക് ഇത് മാറ്റി സ്‌ഥാപിക്കാന്‍ തീരുമാനമായത്. കാലിക്കടവിനെ അപേക്ഷിച്ച് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് തേര്‍ത്തുകുന്ന്. ഇവിടെ നിന്ന് പാലിയാണയുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്‍ദിഷ്‌ട പാലം നിര്‍മിക്കുന്നത്.
പാലിയാണയിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്. ഇവിടത്തുകാരുടെ കൃഷിയും പുഴയുടെ ഇരു ഭാഗത്തുമായി നടക്കുന്നുണ്ട്. ഏറെ ചുറ്റി വളഞ്ഞ് സഞ്ചരിച്ചാണ് ഇവര്‍ കൃഷിയിടത്തില്‍ എത്തുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ തേര്‍ത്തുകുന്ന്, പാലിയാണ പ്രദേശങ്ങളിലുള്ളവര്‍ക്ക് കല്‍പറ്റ, മാനന്തവാടി ടൗണുകളില്‍ എത്താനുള്ള ദൂരം ഗണ്യമായി കുറയും. ഇരുവശവും ടാറിങ് റോഡ് നിലവിലുള്ളതിനാല്‍ കാര്യമായ അനുബന്ധ റോഡും ആവശ്യമില്ല. ഈ അനുകൂല ഘടകങ്ങള്‍ ഉന്നയിച്ചാണ് പാലം തേര്‍ത്തുകുന്ന് ഭാഗത്ത് വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. തുടര്‍ന്നാണ് ഇവിടെ പാലം നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന അടക്കമുള്ള ഇന്‍വെസ്‌റ്റിഗേഷന്‍ നടപടികള്‍ക്ക് പൊതുമരാമത്ത് തുടക്കമിട്ടത്. ഇത്തവണ ബജറ്റില്‍ ടോക്കണ്‍ തുക ഏര്‍പ്പെടുത്തുകയും എസ്‌റ്റിമേറ്റ് തുകയായി 10 കോടി രൂപ കണക്കാക്കുകയും ചെയ്‌തതോടെ നാട്ടുകാരുടെ പതിറ്റാണ്ടുകളായ ആവശ്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും ഏറിയിട്ടുണ്ട്.