Thursday, March 12, 2026 Last Updated 45 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.06 AM

വീടുനിര്‍മ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിര്‍ത്തിവെക്കില്ല: മന്ത്രി കെ.രാജന്‍

uploads/news/2026/03/827998/1.jpg

കല്‍പ്പറ്റ: ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച മാതൃക ടൗണ്‍ഷിപ്പിന്റെ ഉദ്‌ഘാടനവേദി വൈകാരിക നിമിഷങ്ങള്‍ക്കാണ്‌ സാക്ഷിയായത്‌. ഒറ്റ രാത്രിയില്‍ എല്ലാം നഷ്‌ടമായപ്പോള്‍ പകച്ചുനിന്ന നാളുകളില്‍ കൂടെ നിന്ന്‌ ധൈര്യം പകര്‍ന്ന റവന്യു മന്ത്രി കെ. രാജന്‍ അരികില്‍ എത്തിയതും സന്തോഷാശ്രുക്കളുമായി അവര്‍ ഓടിയെത്തി. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നന്ദിയും സ്‌നേഹവും അതിജീവിതര്‍ പ്രകടിപ്പിച്ചു. മന്ത്രിക്കൊപ്പം കണ്ടു നിന്നവരും കണ്ണുകള്‍ തുടച്ചു.സര്‍ക്കാരിനൊപ്പം പുതുജീവിതത്തിലേക്ക്‌ കടക്കുകയാണ്‌ പാറക്കള വീട്ടില്‍ ശോഭന.
ഒന്നാം സോണില്‍ 92 മത്‌ നമ്പര്‍ വീടിന്റെ പട്ടയം ഏറ്റു വാങ്ങുമ്പോള്‍ ഒരിക്കല്‍ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതിയ സുരക്ഷയും സ്‌ഥിരതയും വീണ്ടും കൈവന്നതിന്റെ സന്തോഷത്തിലാണ്‌ ശോഭനയും കുടുംബവും. റവന്യു മന്ത്രി ചേര്‍ത്ത്‌ പിടിച്ച്‌ ധൈര്യം പകരുമ്പോള്‍ അവരുടെ അടക്കിപ്പിടിച്ച നൊമ്പരങ്ങള്‍ കണ്ണുനീരായി ഒഴുകി.
ടൗണ്‍ഷിപ്പില്‍ വീടുനിര്‍മ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിര്‍ത്തിവെക്കില്ലെന്ന്‌ റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വയനാട്‌ മാതൃക ടൗണ്‍ഷിപ്പ്‌ ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
നിര്‍മാണ പ്രവൃത്തി അഭംഗുരം മുന്നോട്ടു പോകും. ദുരന്തബാധിതര്‍ ടൗണ്‍ഷിപ്പിലെ വീട്ടിലേക്ക്‌ താമസം മാറുന്നത്‌ വരെ അവര്‍ക്ക്‌ വീട്‌ വാടകയിനത്തില്‍ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന്‌ പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പണ്‍ ഇനത്തില്‍ 1000 രൂപയും പ്രതിമാസം നല്‍കുന്നത്‌ തുടരും. ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത്‌ കേരളം ഒറ്റകെട്ടായാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.

ടൗണ്‍ഷിപ്പ്‌ അത്ഭുതമെന്ന്‌ വിജയന്‍

നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടും സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി തന്ന ടൗണ്‍ഷിപ്പ്‌ അത്ഭുതമാണെന്ന്‌ ഒന്നാം സോണില്‍ ഡി38 മത്‌ നമ്പര്‍ വീട്‌ ലഭിച്ച കണ്ണന്‍കൈ വീട്ടില്‍ വിജയന്‍. വിജയന്റെ കുടുംബത്തിന്‌ ചൂരല്‍മലയില്‍ അരനൂറ്റാണ്ടോളം നീണ്ട വേരുകളുണ്ട്‌. കൊടും ദുരന്തത്തില്‍ നാടും വീടും അകപ്പെട്ട്‌ പോയപ്പോള്‍സര്‍ക്കാരിന്റെ ഇടപെടലാണ്‌ കരുത്ത്‌ പകര്‍ന്നതെന്ന്‌ വിജയന്‍ ഓര്‍ത്തെടുത്തു.
ചൂരല്‍മലയില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന വസ്‌ത്ര വ്യാപാരം പൂര്‍ണമായി ഉരുളെടുത്തു. ടൗണ്‍ഷിപ്പിലെ വീട്ടിലേക്ക്‌ താമസം മാറുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ വീണ്ടും സംരംഭം ആരംഭിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ആദ്യ പടിയായി മൈക്രോ പ്ലാനില്‍ നിന്നും ഒരു ലക്ഷം രൂപ പാസ്സായ സന്തോഷവും വിജയന്‍ പങ്കുവച്ചു. കാലാവസ്‌ഥ പ്രതികൂലമായിട്ടും നിരവധി നിയമ പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടും വെറും 11 മാസങ്ങള്‍കൊണ്ട്‌ ഇത്രയുംമനോഹരമായവീടുകള്‍ ഒരുക്കിയതില്‍ തികച്ചും സന്തുഷ്‌ടനാണെന്നും വിജയന്‍ പറഞ്ഞു.

ടൗണ്‍ഷിപ്പ്‌ ആശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നു

വര്‍ഷങ്ങളോളം അധ്വാനിച്ച്‌ കെട്ടിപ്പടുക്കുകയായിരുന്ന വീട്ടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ്‌ ദുരന്തം എല്ലാം കവര്‍ന്നെടുത്തത്‌. ചൂരല്‍മല സി ആര്‍ എസ്‌റ്റേറ്റ്‌ നിവാസികളായ റീന സന്ദീപ്‌ ദമ്പതികള്‍ഓര്‍മ്മകളില്‍ ശേഷിക്കുന്ന ആ വീടിനെക്കുറിച്ചും നഷ്‌ടപ്പെട്ട പ്രിയപ്പെട്ടവരെയും കണ്ണീരോടെ ഓര്‍ത്തു.
പ്രതീക്ഷ നിറയുന്ന പുതു ജീവിതത്തിലേക്ക്‌ കടക്കാന്‍ ഇനി ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ബി 23ാം നമ്പര്‍വീട്‌ ഇനി ഇവര്‍ക്കു സ്വന്തമാണ്‌. ദുരന്തത്തെ അതിജീവിച്ച്‌ പുതുജീവിതത്തിലേക്ക്‌ കടക്കുന്ന തങ്ങളെ പോലെ അനേകര്‍ക്ക്‌ ഈ ടൗണ്‍ഷിപ്പ്‌ ആശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നുവെന്നും റീന പറഞ്ഞു.

ഇനി കുടുംബത്തോടൊപ്പം ടൗണ്‍ഷിപ്പില്‍

പത്ത്‌ വര്‍ഷത്തോളം വിദേശത്ത്‌ അധ്വാനിച്ച്‌ നേടിയ സ്വപ്‌നങ്ങളൊക്കെ ഒരു നിമിഷത്തില്‍ നഷ്‌ടമായെങ്കിലും വീണ്ടും കുടുംബത്തോടൊപ്പം ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ചൂരല്‍മല കലാഭവന്‍ വീട്ടില്‍ പുഷ്‌പലത പറഞ്ഞു.ടൗണ്‍ഷിപ്പില്‍ ഒന്നാം സോണില്‍ 62ാം നമ്പര്‍ വീടാണ്‌ പുഷ്‌പലതയ്‌ക്ക് ലഭിച്ചത്‌.
ഒരുമയോടെ ജീവിച്ചിരുന്ന ഒരു ജനതയ്‌ക്ക് വീണ്ടും സന്തോഷത്തോടെ കൈകോര്‍ത്ത്‌ മുന്നോട്ട്‌ പോകാനുള്ള അവസരം ലഭിച്ചതില്‍ സര്‍ക്കാരിനു നന്ദിയുണ്ടെന്നും അറിയിച്ചു.വീടും സ്‌ഥലവും ഉള്‍പ്പെടെയുള്ള സമ്പാദ്യങ്ങള്‍ നഷ്‌ടപ്പെട്ടത്‌ വലിയ തിരിച്ചടിയായിരുന്നു.
മക്കളും മരുമക്കളും അച്‌ഛനും അമ്മയും കൊച്ചുമക്കളുമായി ചൂരല്‍മലയില്‍ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടമായിരുന്നുവെന്ന്‌ അവര്‍ ഓര്‍ത്തെടുത്തു. പ്രതിസന്ധികള്‍ക്കുശേഷം വീണ്ടും നാട്ടുകാരുമായി ഒന്നിക്കാന്‍ കഴിയുന്നതാണ്‌ ഏറ്റവും വലിയ ആശ്വാസമെന്നും അവര്‍ പറഞ്ഞു.
മൂത്ത മകനും ടൗണ്‍ഷിപ്പില്‍ വീട്‌ ലഭിച്ചിട്ടുണ്ടെന്നും ഇനി ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം ടൗണ്‍ഷിപ്പില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ്‌ ആഗ്രഹമെന്നും പുഷ്‌പലത വ്യക്‌തമാക്കി.

സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായതില്‍ ആശ്വാസമെന്ന്‌ സന്തായി

മാതൃക ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 60ാം നമ്പര്‍ വീട്‌ ഇനി സന്തായി എന്ന ഗൃഹനായികയ്‌ക്ക് സ്വന്തം. പുതിയ വീടിന്റെ ചുവരുകളില്‍ സ്വപ്‌നങ്ങള്‍ക്കൊപ്പം മായാത്ത ഓര്‍മ്മകളും നിഴലിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം സന്തായില്‍ നിന്ന്‌ കവര്‍ന്നെടുത്തത്‌ വീട്‌ മാത്രമല്ല തന്റെ ജീവിതപങ്കാളിയെയും മകളെയും കൂടിയാണ്‌. ഇന്ന്‌ മകന്‍ രാഹുലിനൊപ്പം പട്ടയം ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ സന്തോഷത്തിനൊപ്പം വേദനയും അവരുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു. ദുരന്തത്തിന്റെ വേദനകള്‍ അതിജീവിച്ച്‌ മകനൊപ്പമുള്ള പുതിയ ജീവിതത്തിലേക്ക്‌ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്‌ സന്തായി.സുരക്ഷിതമായ ഒരു പാര്‍പ്പിടം സ്വന്തമായതില്‍ വലിയ ആശ്വാസമെന്നും സന്തായി പറഞ്ഞു.

കിളി പറഞ്ഞ കഥയില്‍ ഇനി പുതിയ അധ്യായം

ഉരുള്‍ ദുരന്തത്തിന്‌ മുമ്പ്‌ കുഞ്ഞു സഹോദരി സ്‌കൂള്‍ മാസികയില്‍ എഴുതിയ ദുരന്തത്തെക്കുറിച്ചുള്ള കഥ ലെനയും നേരില്‍ കണ്ടിരുന്നു. 'ഇവിടെ ഒരാപത്ത്‌ വരുമെന്നും കുട്ടികളെ രക്ഷപ്പെട്ടോളൂ' എന്നും ഒരു കിളി കുട്ടികളോട്‌ പറയുന്നതാണ്‌ കഥയുടെ ആശയം.
ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലെനയ്‌ക്ക് അന്ന്‌ അത്‌ കഥ മാത്രമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അതേ വിഷയം ലെനയുടെ ജീവിതത്തിലെ കഠിനമായ യാഥാര്‍ത്ഥ്യമായി മാറി. ഉറ്റവര്‍ നഷ്‌ടപ്പെട്ട വേദന അവളെ ഒരുപാട്‌ ബാധിച്ചിരുന്നു. പക്ഷേ ഇന്ന്‌ ലെന സന്തോഷത്തിലാണ്‌; ഒന്നാം സോണിലെ 76ാം നമ്പര്‍ വീടിന്റെ പട്ടയം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷം. എല്ലാം നഷ്‌ടപ്പെട്ട ശേഷം സ്വന്തമായി ഒരു വീട്‌ ലഭിച്ചതെന്നത്‌ ലെനയുടെ ജീവിതത്തില്‍ പുതു ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അടയാളമാണ്‌.
ഒരിക്കല്‍ വായിച്ച കഥയിലെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ പുതിയ അധ്യായമായി ടൗണ്‍ഷിപ്പ്‌ മാറുകയാണ്‌.

ഷാമിലിന്റെത്‌ ഇരട്ടി സന്തോഷം

ജീവിതം സ്വപ്‌നങ്ങളാല്‍ നിറഞ്ഞ ദിവസങ്ങളിലായിരുന്നു ഷാമിലിനെ തേടി ദുരന്തം എത്തിയത്‌. സ്വപ്‌നമായി ഉയര്‍ന്നു കൊണ്ടിരുന്ന വീടും ഉമ്മയുടെ കടമുറിയും കണ്‍മുന്നില്‍ നിന്നും നഷ്‌ടമായി. എന്നാല്‍ ജീവിതത്തെ കൈവിടാന്‍ ഷാമില്‍ തയ്യാറായിരുന്നില്ല.ഇന്ന്‌, മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട പുനരധിവാസത്തില്‍ മൂന്നാം സോണിലെ 210ാം നമ്പര്‍ വീടിന്റെ പട്ടയം കൈയില്‍ ലഭിക്കുമ്പോള്‍, അത്‌ ഒരു വീടെന്നതിലുപരി പ്രതീക്ഷയുടെ വാതില്‍ കൂടിയായിരുന്നു ഷാമിലിന്‌. അതോടൊപ്പം ഉമ്മയുടെ തയ്യല്‍ കടയ്‌ക്കുള്ള നഷ്‌ടപരിഹാരം ലഭിക്കുന്നതിലുള്ള ഇരട്ടി സന്തോഷത്തിലുമാണ്‌. തനിക്കൊപ്പം മറ്റ്‌ കുടുംബങ്ങള്‍ക്കും ഒരുമിച്ച്‌ വീട്‌ ലഭിച്ചതിലുള്ള സന്തോഷവും ഷാമില്‍ പങ്കുവെച്ചു.

Ads by Google
Advertisement
Monday 02 Mar 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW