Friday, March 13, 2026 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.06 AM

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം കവാടത്തില്‍ ടിക്കറ്റ്‌ എടുക്കാനും റിസര്‍വേഷനും സൗകര്യം കുറവ്‌ രാത്രിയില്‍ ടിക്കറ്റിന്‌ ഒന്നാം കവാടം തന്നെ ആശ്രയം

uploads/news/2026/03/827991/2.jpg

കോട്ടയം: രാത്രിയില്‍ ടിക്കറ്റ്‌ എടുക്കാന്‍ സൗകര്യമില്ല, പകല്‍ ഏറിയ സമയവും പ്രവര്‍ത്തിക്കുന്നത്‌ ഒരു കൗണ്ടര്‍ മാത്രവും. റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തില്‍ ടിക്കറ്റ്‌ എടുക്കാന്‍ എത്തുന്നവര്‍ക്കു ദുരിതം മാത്രം. രണ്ടാം കവാടം കൂടി തുറക്കുന്നതോടെ സൗകര്യങ്ങള്‍ വര്‍ധിക്കുമെന്നു കരുതിയ യാത്രക്കാരാണ്‌ ഇതോടെ നിരാശയിലായിരിക്കുന്നത്‌്. കൗണ്ടറുകള്‍ ഏറെയുണ്ടെങ്കിലും ഒന്നോ രണ്ടോ മാത്രമാണു പ്രവര്‍ത്തിക്കുക എന്നതിനാല്‍ മിക്ക സമയങ്ങളിലും ഇവിടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.
ഏറ്റുമാനൂര്‍, പാലാ ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്കു പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടെയാണു റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം കവാടം തുറന്നത്‌. നാഗമ്പടത്ത്‌ ബസ്‌ ഇറങ്ങുന്നവര്‍ക്ക്‌ എളുപ്പത്തില്‍ എത്തി ടിക്കറ്റ്‌ എടുത്ത്‌ യാത്ര ചെയ്യാമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, തിരക്കേറിയ സമയങ്ങളില്‍ ബസിറങ്ങി ഓടിയെത്തുമ്പോള്‍ രണ്ടാം കവാടത്തിലെ കൗണ്ടറില്‍ ഓപ്പണ്‍ ടിക്കറ്റിനും റിസര്‍വേഷനും എല്ലാം കൂടി ഒരാള്‍ മാത്രമാകും ഉണ്ടാകുക. ടിക്കറ്റ്‌ എടുക്കാന്‍ എത്തുന്നവര്‍ നേരിട്ട്‌ എത്തുമ്പോള്‍ റിസര്‍വേഷനു കാത്തു നില്‍ക്കുന്നവര്‍ ബഹളമുണ്ടാക്കുന്നതും പതിവാണ്‌.
രണ്ടാം കവാടം തുറന്നതോടെ റിസര്‍വേഷന്‍ പൂര്‍ണമായി ഇവിടേയ്‌ക്കു മാറ്റിയിരുന്നു. ഇതറിയാതെ പ്രധാന കവാടത്തില്‍ എത്തുന്നവരും ബുദ്ധിമുട്ടുണ്ട്‌. രണ്ടാം കവാടത്തില്‍ എത്തണമെങ്കില്‍ പ്രധാന കവാടത്തില്‍ നിന്നു പുറത്തിറങ്ങി ഓവര്‍ ബ്രിഡ്‌ജ് കയറി ഏറെ നടന്നു വേണം രണ്ടാം കവാടത്തില്‍ എത്താന്‍. ഇതു പ്രായമേറിയ യാത്രക്കാരെ ഉള്‍പ്പെടെ ഏറെ വലയ്‌ക്കുന്നതായി പരാതിയുണ്ട്‌.
രണ്ടാം കവാടത്തിലെ, ടിക്കറ്റ്‌ കൗണ്ടര്‍ രാത്രിയില്‍ പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രാത്രിയിലും പുലര്‍ച്ചെയും നാഗമ്പടത്തു ബസിറങ്ങി ടിക്കറ്റ്‌ എടുക്കാന്‍ എത്തുമ്പോള്‍ കൗണ്ടര്‍ അടഞ്ഞ നിലയിലായിരിക്കും. ഈ സമയം ബസുകള്‍ ഒന്നാം കവാടത്തിലൂടെ പോകാറുമില്ല. പിന്നീട്‌ ഓടി ഒന്നാം കവാടത്തില്‍ എത്തി ടിക്കറ്റ്‌ എടുക്കുമ്പോഴേയ്‌ക്കും ഉദ്ദേശിച്ച ട്രെയിനുകള്‍ കടന്നു പോകുന്ന അവസ്‌ഥയുമുണ്ട്‌.
രണ്ടാം കവാടത്തില്‍ നിന്നു ടിക്കറ്റ്‌ ലഭിക്കാതെ, ടിക്കറ്റിനായി ഒന്നാം കവാടത്തിലേക്കു പോകുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ പിടിക്കപ്പെട്ടാല്‍ പിഴ അടയ്‌ക്കേണ്ട ഗതികേടും യാത്രക്കാര്‍ക്കുണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. രാത്രി 10 മുതല്‍ രാവിലെ ആറു വരെ രണ്ടാം കവാടത്തിലെ ടിക്കറ്റ്‌ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. പല ദിവസങ്ങളിലും രാത്രി ഒമ്പതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും പരാതിയുണ്ട്‌.
നാഗമ്പടത്തു റെയില്‍വേ സ്‌റ്റേഷനിലേക്കു തിരിയുമ്പോള്‍ റിസര്‍വേഷന്‍, ടിക്കറ്റ്‌ കൗണ്ടര്‍ എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ ഉണ്ടെങ്കിലും സമയം രേഖപ്പെടുത്തിയിട്ടില്ല. രണ്ടാം കവാടത്തിന്റെ പ്രവര്‍ത്തന പൂര്‍ണ സജ്‌ജമാകുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ്‌ അറിയിപ്പ്‌. ഒരു മാസത്തിനുള്ളില്‍ രണ്ടാം കവാടത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്നാണു റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പിയെ അറിയിച്ചത്‌.

Ads by Google
Advertisement
Monday 02 Mar 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW