-->
കോട്ടയം: ഇടമഴ പെയ്‌തുവെങ്കിലും താഴാത്ത ചൂടില്‍ ഉരുകി പൈനാപ്പിള്‍ കര്‍ഷകര്‍. വിപണിയില്‍ അനുകൂല സാഹചര്യം നിലനില്‍ക്കേയാണ് തിരിച്ചടി. വെള്ളത്തിന്റെ കുറവിനെത്തുടര്‍ന്നു പൈനാപ്പിളിന്റെ വളര്‍ച്ചാതോത് 30 മുതല്‍ 50 ശതമാനം കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. 12000 കിലോ വിളവ് പ്രതീക്ഷിച്ച തോട്ടങ്ങളില്‍ നിന്ന് ശരാശരി 8000 കിലോ മാത്രമാണ് വിളവ് ലഭിച്ചത്. റംസാന്‍ വിപണി പ്രതീക്ഷിച്ചു കൃഷിയിറക്കിയവര്‍ക്കാണു തിരിച്ചടി.
വളര്‍ച്ചയുടെ ഘട്ടത്തില്‍ മഴ ലഭിക്കാതിരുന്നതാണ് ഉത്‌പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിച്ചത്. ഇപ്പോള്‍ പെയ്‌ത മഴ ചെടികള്‍ക്ക് ആശ്വാസമാണെങ്കിലും വിളവിനെ കാര്യമായി സ്വാധീനിക്കില്ല. വളം ലഭ്യതക്കുറവും സീസണില്‍ തിരിച്ചടിയായതായി കര്‍ഷകര്‍ പറയുന്നു. നവാഗത കര്‍ഷകരുടെ എണ്ണം വര്‍ധിച്ച വര്‍ഷത്തിലാണു തിരിച്ചടിയും.
റംസാന്‍ നോമ്പ് 55 രൂപ വിപണി വില പ്രതീക്ഷിച്ചെങ്കിലും സമയത്തിന് മൂപ്പെത്താതിരുന്നതിനാല്‍, 40 മുതല്‍ 42 രൂപ വരെയാണ് ലഭിക്കുന്നത്. എ ഗ്രേഡ് പഴത്തിനു വാഴക്കുളം മാര്‍ക്കറ്റില്‍ 56 രൂപ വിലയുണ്ടെങ്കിലും ജലക്ഷാമത്തെത്തുടര്‍ന്നു വലിപ്പം കുറഞ്ഞതാണു തിരിച്ചടിയായത്.
നിലവില്‍ വേനല്‍ക്കാല ലഭിക്കുന്നുണ്ടെങ്കിലും, അന്തരീക്ഷ ഊഷ്‌മാവ് 35 ഡിഗ്രിയെക്കാള്‍ കൂടുതലായതോടെ ചെടികളിലെ ജലാംശം കുറഞ്ഞ്, ചെടികളുടെ വളര്‍ച്ചാ സമയത്ത് യാതൊരുവിധ പോഷകങ്ങളും ലഭിച്ചിരുന്നില്ല. ഇത് ചെടികളുടെ വളര്‍ച്ചയെയും ഗണ്യമായി ബാധിച്ചു. വേനല്‍ക്കാല സംരക്ഷണത്തിന്റെ ഭാഗമായി തണല്‍ സംവിധാനങ്ങളായി നെറ്റ്, ഓല, പുല്ല്, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് മൂടിയെങ്കിലും അന്തരീക്ഷ ഊഷ്‌മാവിനെ തടുക്കാനായില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കേന്ദ്രഗവണ്‍മെന്റിന്റെ വളത്തിനുമേലുള്ള നിയന്ത്രണംമൂലം ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലേക്കു വളം ലഭിക്കുന്നില്ലെന്നതും കര്‍ഷകരെ ദോഷകരമായി ബാധിച്ചു. നേര്‍വളങ്ങളായ പൊട്ടാഷ്, യൂറിയ, ഫോസ്‌ഫറസ് എന്നിവയാണു മേഖലയില്‍ ആവശ്യമായുള്ളത്.
വടക്കേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നെല്ല്, ഗോതമ്പ് എന്നിവയ്‌ക്കായി ഇവ പോകുന്നതിനാല്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കഴിഞ്ഞ ആറ് മാസമായി ആവശ്യാനുസരണം വളം ലഭിക്കുന്നില്ല. കേന്ദ്ര ഗവണ്‍മെന്റ് അലോട്ട് ചെയ്യുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഇത് ഉത്‌പാദനത്തെയും വളര്‍ച്ചയെയും ബാധിച്ചു.
ആസാം, പശ്‌ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു സമയമായതിനാല്‍, കൂട്ടത്തോടെ അന്യസംസ്‌ഥാന തൊഴിലാളികള്‍ പോകുന്നതോടെ മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകും എന്നതം വരും മാസങ്ങളില്‍ പ്രതിസന്ധിക്കു കാരണമാകു. റംസാന്‍ നോമ്പ് കഴിഞ്ഞാലും ഉത്തരേന്ത്യയില്‍ ചൂടുകാലം വരുന്നതിനാല്‍ പൈനാപ്പിളിനു ഡിമാന്റുണ്ടാകും എന്നിരിക്കേയാണു തൊഴിലാളിക്ഷാമ ഭീഷണി നിലനില്‍ക്കുന്നത്.