-->
പത്തനംതിട്ട: ക്യഷി, ആരോഗ്യം, വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 104,64,96,639 രൂപ വരവും 97,75,16,000 രൂപ ചെലവും 6,89,80,639 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റ് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പുല്ലാട്, അടൂര്‍ സീഡ് ഫാമുകളുടെ നവീകരണം ഈ വര്‍ഷത്തെ ഏറ്റവും പ്രധാന ലക്ഷ്യമാണ്. ഫാമുകളുടെ സമ്പൂര്‍ണ്ണ പുനരുജ്‌ജീവനം ലക്ഷ്യം വച്ച് മിഷന്‍ അഗ്രി എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കും. പുല്ലാട്, അടൂര്‍ ഫാമുകളുടെ ലഭ്യമായ മുഴുവന്‍ സ്‌ഥലവും ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കും.
നെല്‍ കൃഷിയും മറ്റു വിളകളും കൃഷി ചെയ്യുന്നതിനൊപ്പം ഗുണനിലവാരമുള്ള തെങ്ങ്, കവുങ്ങ്, റമ്പൂട്ടാന്‍, മാംഗോസ്‌റ്റീന്‍ അടക്കമുളളവയുടെ തൈകള്‍ ഉത്‌പാദിപ്പിക്കും. ഫാം ടൂറിസത്തിന്റെ അടിസ്‌ഥാന സൗകര്യം ഒരുക്കുന്നതിലേക്ക് 10 ലക്ഷം രൂപ വകയിരുത്തി. അപ്പര്‍ കുട്ടനാടിന്റെ നെല്ലറകളെ സംരക്ഷിക്കുന്നതിനും വന്യജീവിശല്യം രൂക്ഷമായ മലയോര മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊളളും. കാര്‍ഷിക മേഖലയ്‌ക്ക് 7 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. വിപണിയെ സജ്‌ജമാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇരുപത് അന്തിച്ചന്ത ഒരുക്കും. കാര്‍ഷിക വിളകള്‍ കൃഷി ഇടങ്ങളില്‍ നിന്നും നേരിട്ട് വിപണിയില്‍ എത്തിച്ച് വിപണനം ചെയ്യും. അന്തിച്ചന്തകള്‍ ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി ഇരുപത് ലക്ഷം രൂപ വകയിരുത്തി.
മൃഗസംരക്ഷണവും
ക്ഷീരവികസനവും
കുടുംബശ്രീ ഗ്രൂപ്പുകള്‍ മുഖേന ചെറുകിട ഫാമുകള്‍ പ്രോത്സാഹിപ്പിക്കും. തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പുളിക്കീഴില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എ. ബി .സി. സെന്റര്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപയുടെ നിര്‍മ്മാണമാണ് പുളിക്കീഴ് നടന്നുകൊണ്ടിരിക്കുന്നത്.
മിഷന്‍ നന്ദിനി പദ്ധതിക്ക് 4 ലക്ഷം രൂപയും ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി 54 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ എ. ബി. സി പദ്ധതിക്കായി ഉപകരണവും മരുന്നും വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.
ചെറുകിട വ്യവസായം
റാന്നിയില്‍ സ്‌റ്റാര്‍ട്ട് അപ്പ് സംരംഭം യാഥാര്‍ത്ഥ്യമാക്കും. പ്രമാടത്ത് നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് 10 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകള്‍, ജെ. എ. ജി എന്നിവയ്‌ക്ക് മൂല്യ വര്‍ദ്ധിത ഉല്‌പന്ന യൂണിറ്റുകള്‍ക്ക് 50 ലക്ഷം രൂപയും ഉള്‍പ്പെടെ 60 ലക്ഷം രൂപ വകയിരുത്തി.
കുടിവെള്ളം
ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനിലും കുടിവെളള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കും. കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി 2.65 കോടി രൂപ .തടയണകള്‍ നിര്‍മ്മിച്ചും കയ്യാലകള്‍ കെട്ടിയും മണ്ണ് സംരക്ഷിക്കും. 4.81 കോടി രൂപ വകയിരുത്തി.
ആരോഗ്യ സംരക്ഷണം
പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ നീക്കിവെച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അയിരൂര്‍ ആയൂര്‍വേദ ആശുപത്രിയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുക അനുവദിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എല്ലാ ഇടത്താവളങ്ങളിലും ഭക്‌തര്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി നല്‍കും.കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിലേക്ക് 50 ലക്ഷം . വൃക്കരോഗ ചികിത്സക്ക് 20 ലക്ഷം രൂപ.
വിദ്യാഭ്യാസം
കണ്ണശ കവികളുടെ ചരിത്രം പേറുന്ന വിദ്യാലയത്തിന് 50 ലക്ഷം രൂപ മാറ്റി വെച്ചു. ജില്ലയിലെ എസ്. പി .സി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപ. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി വിദ്യാദീപം പദ്ധതി നടപ്പിലാക്കും. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്‌കൂളിന്റെ ഇരുവശത്തും വനമാണ് എന്നത് പരിഗണിച്ച് മതില്‍ പണിയുന്നതിന് 25 ലക്ഷം അനുവദിക്കും. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഡല്‍ ഷീ ടോയ്‌ലറ്റിനായി 25 ലക്ഷം രൂപയും സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും കടപ്ര സ്‌കൂളില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ 5 ലക്ഷം രൂപയും ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകള്‍, അംഗന്‍വാടികളുടെ അറ്റകുറ്റപണികള്‍ക്കും കെട്ടിട നിര്‍മ്മാണത്തിനുമായി 6.37 കോടി രൂപയും ഉള്‍പ്പെടെ 7.5 കോടി രൂപ വകയിരുത്തി. ജില്ലയിലെ പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പത്തരമാറ്റോടെ പത്താംതരം എന്ന പദ്ധതി നടപ്പിലാക്കും.
ഭവന നിര്‍മാണം
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലും പി. എം. എ. വൈ. യിലുമായി 9,18,86,400 രൂപ നല്‍കും.
സാമൂഹിക വനിതാ
ശിശുക്ഷേമം
തോട്ടപ്പുഴരേി പഞ്ചായത്തിലെ നാലുമണിക്കാറ്റില്‍ വനിതാ ഓപ്പണ്‍ ജിം, പ്രമാടം, വള്ളിക്കോട് അടക്കമുള്ള പഞ്ചായത്തുകളില്‍ വനിതാ ഓപ്പണ്‍ ജിം സ്‌ഥാപിക്കും. പത്തു വയസ്സ് പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഈ മേഖലയ്‌ക്കായി 3 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ഊര്‍ജ മേഖല
ഊര്‍ജ്‌ജ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെഭാഗമായി ആദ്യ പടിയായി ജില്ലാ പഞ്ചായത്തില്‍ സൗരോര്‍ജ്‌ജ പാനല്‍ ഈ വര്‍ഷം സ്‌ഥാപിക്കും. വരും വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ സ്‌ഥാപനങ്ങളിലും സൗരോര്‍ജ്‌ജ പാനല്‍ സ്‌ഥാപിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് മിനി മാസ്‌റ്റ് ലൈറ്റുകളും സഥാപിക്കും. തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ സ്‌ഥാപിക്കാനും നടപടി ഉണ്ടാകും. 16 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി വികസനം
150 വര്‍ഷം മുന്‍പ് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് മൈലാടുപാറയില്‍ ശിവപ്രതിഷ്‌ഠ നടത്തിയ തപസ്വി ഓമലിന്‍റെ സ്‌മൃതി മണ്ഡപം സ്‌ഥാപിക്കും. പന്തളം കുന്നിക്കുഴിയില്‍ പട്ടികജാതി വനിതകള്‍ക്കായി 1 കോടി രൂപയുടെ ഹോസ്‌റ്റല്‍ . ഈ വര്‍ഷം 50 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനമുറിക്കായി 2 കോടി രൂപ . പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അദ്യസ്‌ഥവിദ്യരായ യുവതി യുവാക്കള്‍ക്ക് വിദേശ തൊഴില്‍ ധനസഹായത്തിന് 30 ലക്ഷം . മിശ്ര വിവാഹിതര്‍ക്ക് (50 ലക്ഷം രൂപ) , അഭ്യസ്‌ഥവിദ്യരായ യുവജനങ്ങള്‍ക്ക് അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് ( 50 ലക്ഷം രൂപ) എന്നിവയ്‌ക്കും തുക വകയിരുത്തി. പട്ടിക വര്‍ഗ വികസനത്തിനായി 52 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വയോജന ക്ഷേമം
ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വയോജന ക്ലബ്ബ് രൂപീകരിക്കും. ജില്ലാടിസ്‌ഥാനത്തില്‍ കോര്‍ഡിനേറ്ററെ നിയമിച്ച് ക്ലബ്ബ് മുന്നോട്ടുകൊണ്ടുപോകും. എല്ലാ വര്‍ഷവും വയോജനങ്ങളുടെ കലാ കായിക മേള ജില്ലാടിസ്‌ഥാനത്തില്‍ സംഘടിപ്പിക്കും. 2.03 കോടി രൂപ .
ഭിന്നശേഷി, ഭിന്നലിംഗം
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സി. പി. ചെയര്‍ നല്‍കുന്നതിനും ഇലക്ര്‌ടിക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്നതിനും 60 ലക്ഷം രൂപ വകയിരുത്തി. ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിലേക്ക് 5 ലക്ഷം രൂപ .
ശുചിത്വം-മാലിന്യ
സംസ്‌കരണം
തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും കടപ പഞ്ചായത്തിലും രണ്ട് ആധുനിക ശ്‌മശാനങ്ങള്‍ സ്‌ഥാപിക്കും.
പൂര്‍ണ്ണമായും ഗ്യാസ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. മേഖലയ്‌ക്കായി 2.7 കോടി രൂപ.
കായികം യുവജനക്ഷേമം
കോഴഞ്ചേരി ഡിവിഷനില്‍ 50 ലക്ഷം രൂപ ചിലവില്‍ ഒരു ആധുനിക ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മിക്കും . വോളിബോള്‍ ബാസ്‌കറ്റ്‌ബോള്‍, ഷട്ടില്‍ എന്നിവയ്‌ക്കും ജില്ലയില്‍ സേ്‌റ്റഡിയങ്ങള്‍ നിര്‍മ്മിക്കും. ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിനും കായികമേളകള്‍ സംഘടിപ്പിക്കുന്നതിനും പണം നീക്കി വെച്ചിട്ടുണ്ട്. ലൈബ്രറികള്‍ നവീകരിക്കുന്നതിനും പുസ്‌തകങ്ങള്‍ വാങ്ങുന്നതിനും പണം നല്‍കും.
കലാ സാംസ്‌കാരികം
പത്തനംതിട്ടയുടെ പാരമ്പര്യ കലയായ പടയണിയെ സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഒരുക്കും. പല ദിക്കുകളിലായി ചിതറി കിടക്കുന്ന പടയണി കൂട്ടായ്‌മയ്‌ക്കായി ജില്ലാ പടയണി സംരക്ഷണ സമിതി രൂപീകരിക്കും. കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിന് സമിതികള്‍ക്ക് 5,000 രൂപ വീതം ഗ്രാന്റ് നല്‍കും.
വര്‍ഷംതോറും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പടയണി മേള നടത്തും . 10 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു.ജില്ലാകഥകളിമേളയ്‌ക്ക് കഥകളി ക്ലബ്ബിനും ധനസഹായമായി 2 ലക്ഷം രൂപയും, ആറന്മുള വഞ്ചിപ്പാട്ട് കളരിയ്‌ക്ക് ധനസഹായമായി 1,50,000 രൂപയും, ജില്ലയിലെ പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റിനായി 4,00,000 രൂപയും വകയിരിത്തി.
വടശേരിക്കരയിലെ ശബരിമല ഇടത്താവളം നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ നീക്കി വച്ചു.
ടൂറിസം
തീര്‍ത്ഥാടന ടൂറിസത്തിന് 15 ലക്ഷം രൂപ . കോട്ടാങ്ങല്‍ പഞ്ചായത്തിലെ നാഗപ്പാറ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് 10 ലക്ഷം , ഗവിയുടെ ടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന ബൃഹത് പദ്ധതി സംസ്‌ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കും.
പൊതുമരാമത്ത്
6 മീറ്റര്‍ വീതിയുള്ള റോഡുകള്‍ ബഹുവര്‍ഷ പദ്ധതികളായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.
സര്‍ക്കാര്‍ സഹായത്തോടെ ആധുനിക രീതിയിലുള്ള ടാറിങ് നടപ്പിലാക്കാന്‍ ശ്രമിക്കും. ഈ മേഖലയില്‍ 12 കോടി രൂപ.
പൊതുഭരണം
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് ആധുനിക മുഖം നല്‍കുന്നതിന്റെ ഭാഗമായും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നു.
ലിഫ്‌റ്റും എ. സി. ഓഡിറ്റോറിയവും പാര്‍ക്കിംഗ് ഗ്രൗണ്ടും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജില്ലാ പഞ്ചായത്ത് ഓഫീസ് കാര്യാലയവും എന്‍ജിനീയറിങ് വിംഗും 50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിച്ച് മികച്ച സേവനം ഉറപ്പുവരുത്തും.
അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് ജീവന്‍ നല്‍കിയ മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍റെ സ്‌മരണകള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
സംസ്‌ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു.
ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തു.