-->
വടശേരിക്കര: ഭവന നിര്‍മ്മാണ മേഖലയ്‌ക്കും ആരോഗ്യ ശുചിത്വ മേഖലയ്‌ക്കും ഊന്നല്‍ നല്‍കികൊണ്ട് വടശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്‌ന സൂസന്‍ ജേക്കബ്ബ് അവതരിപ്പിച്ചു. 29,26,86,262/ രൂപ വരവും 28,72,95,848/ രൂപ ചെലവും, 53,90,414/ രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
പാര്‍പ്പിട മേഖലയില്‍ 75 ലക്ഷം രൂപയും കാര്‍ഷിക മേഖലയില്‍ 41 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലയ്‌ക്ക് 56.95 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഊര്‍ജ്‌ജ മേഖലയ്‌ക്ക് 20 ലക്ഷം രൂപയും കുടിവെള്ളത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്‌ക്ക് 12.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനായി വൃദ്ധജന സംഗമം ഉള്‍പ്പെടെ ഫലപ്രദമായ പദ്ധതികള് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം പാലങ്ങളില്‍ ലൈറ്റുകള്‍ സ്‌ഥാപിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസ്‌ക ലൈറ്റ് വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍, ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനംവന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുളള ഫെന്‍സിംഗ്, സിഗ്നല്‍ അലാറം പദ്ധതി എന്നിവയ്‌ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.