-->
നിലമ്പൂര്‍: വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പതിനഞ്ച് വര്‍ഷം മുന്നില്‍കണ്ടുള്ള നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ വികാസ് വിഷന്‍ 2040ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരുടെ യോഗം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുവേണം വികസന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ഫണ്ടുകളും തദ്ദേശ സ്‌ഥാപനങ്ങളുടെയും എം.എല്‍.എ, എം.പി ഫണ്ടുകളും സംയോജിപ്പിച്ച് വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും വ്യക്‌തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എ. കരീം, അഡ്വ. ജോസ്‌മി തോമസ്, നഗരസഭ അധ്യക്ഷ പത്മനി ഗോപിനാഥ്, ഇഖ്‌ബാല്‍ മുണ്ടേരി, വി.എ. കരീം, എ. ഗോപിനാഥ് എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പ്രസംഗിച്ചു.
ഡോ. ബാബു വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ വിവിധ ഗ്രൂപ്പുകളായി 14 മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
മാര്‍ച്ച് മൂന്നിന് നടക്കുന്ന നിയോജക മണ്ഡലതല ശില്‍പശാലയിലേക്കുള്ള പ്രതിനിധികളെ നിശ്‌ചയിച്ചു.