-->
കോട്ടയം: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനുള്ള എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നടത്തി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എന്‍. പ്രിയ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ജില്ലാ കളക്‌ടര്‍ ചേതന്‍ കുമാര്‍ മീണ പോസ്‌റ്റര്‍ പ്രകാശനം നടത്തി. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യദിനം ജില്ലയില്‍ 172 പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്‌സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെയ്‌പ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ എച്ച്.പി.വി വാക്‌സിനേഷന്‍ ആരംഭിച്ചത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിന്‍ തുടങ്ങിയത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.
എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്.പി. വി വാക്‌സിനേഷന്‍ ബുക്ക് ചെയ്യുന്നതിനായി യു.വിന്‍ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം . വെബ്‌സൈറ്: വേേു:െ//ൗംശി.ാീവളം.ഴീ്.ശി/ഹോം.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍,കോട്ടയം നഗരസഭാ അംഗം ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. സി.ജെ. സിതാര, കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ,കോട്ടയം ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ജില്ലാ ആശുപത്രി പി.പി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എല്‍ ലിജി,ജില്ലാ ആശുപത്രി എച്ച്.എം.സി അംഗം സാബു ഈരയില്‍,ആര്‍.സി.എച്ച് ഓഫീസര്‍ (ആരോഗ്യം) ഡോ. ബി.കെ. പ്രസീദ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍. ദീപ എന്നിവര്‍ പങ്കെടുത്തു.