-->
കോട്ടയം: കോട്ടയത്തെ നിരത്തുകളില്‍ രാത്രിയായാല്‍ ചീറിപ്പാഞ്ഞ് രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളും. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. അമിതവേഗതയില്‍ പാഞ്ഞെത്തുന്ന ഇവര്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്കു നേരെയും പാഞ്ഞടുക്കുന്നുണ്ട്.
രാത്രി കാലങ്ങളില്‍ പോലീസ് പരിശോധന കുറവായതാണ് ഇത്തരം സംഘങ്ങളുടെ വിലസലിനു കാരണമാകുന്നുണ്ട്. വലിയ ശബ്‌ദം പുറപ്പെടുവിച്ചാണ് ഇവ നിരത്തുകളില്‍ പറക്കുന്നത്. രൂപമാറ്റം വരുത്തിയ സൈലന്‍സര്‍ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ് ഇതിലേറെയും. മുന്നില്‍ ക്യാമറയില്‍ റീലെടുക്കാനാളുണ്ടെങ്കില്‍ വേഗതയും ഷോയും കൂടും. റോഡിനു നടുവിലും അരികുകള്‍ ചേര്‍ത്തും വെട്ടിച്ചുള്ള രീതിയിലാകും പിന്നീടുള്ള യാത്ര.സംഘങ്ങളായി നഗരത്തിലെ നിരത്തുകള്‍ കൈയടക്കുന്ന ഇത്തരക്കാര്‍ക്കു കടിഞ്ഞാണിടാന്‍ പോലീസ് തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ പട്രോളിങ് അല്ലാതെ നഗരത്തില്‍ രാത്രി കാലങ്ങളില്‍ പോലീസിനെ കാണേറെയില്ലെന്ന ആക്ഷേപവുമുണ്ട്.