Thursday, March 12, 2026 Last Updated 56 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

കിഫ്‌ബിയില്‍നിന്ന്‌ അധികത്തുക അനുവദിപ്പിച്ച്‌ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ജില്ലാ വികസന സമിതി

കുട്ടനാട്‌: കുട്ടനാട്‌ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിടല്‍ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പാക്കേജ്‌ മൂന്ന്‌ എ പൂര്‍ത്തീകരിക്കുന്നതിന്‌ അധികതുക ആവശ്യമായി വന്ന സാഹചര്യത്തില്‍ കിഫ്‌ബിയില്‍ നിന്ന്‌ തുക അനുവദിപ്പിച്ച്‌ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ജില്ലാ വികസന സമിതി യോഗംനിര്‍ദ്ദേശം നല്‍കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. തോമസ്‌ കെ. തോമസ്‌ എം.എല്‍.എ പങ്കെടുത്തു. കുട്ടനാട്‌ താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളില്‍ കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട്‌ കുടിവെള്ള പദ്ധതിയുടെയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം.എല്‍.ഡി. പ്ലാന്റ്‌ നിര്‍മ്മാണ ത്തിന്റെയും പുരോഗതി സംബന്ധിച്ച്‌ ചോദ്യങ്ങള്‍ക്ക്‌ ഉദ്യോഗസ്‌ഥര്‍ മറുപടി പറയവെയാണ്‌ തോമസ്‌.കെ.തോമസ്‌ എം.എല്‍.എ നിര്‍ദേശം നല്‍കിയത്‌. പദ്ധതിയുടെ ഭാഗമായി പാക്കേജ്‌ ഒന്നിന്റെ പ്രവര്‍ത്തികള്‍ 60 ശതമാനവും പാക്കേജ്‌ മൂന്ന്‌ ബി 69 ശതമാനവും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍ നിയോജക മണ്ഡലങ്ങളില്‍ പൈപ്പ്‌ ലൈനുകള്‍ സ്‌ഥിരമായി പൊട്ടുന്ന പ്രശ്‌നത്തെ സംബന്ധിച്ച്‌ മുന്‍ വികസന സമിതിയില്‍ കെ.സി വേണുഗോപാല്‍ എം.പി ഉന്നയിച്ച വിഷയത്തിന്‌ മറുപടിയായി കാലപ്പഴക്കം മൂലം തകരാറിലാകുന്ന പൈപ്പ്‌ ലൈനുകള്‍ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന്‌ ജലഅതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള പൈപ്പ്‌ ലൈനുകള്‍ കൃത്യമായി മാറ്റി സ്‌ഥാപിക്കാതെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ പൈപ്പ്‌ ലൈനുകള്‍ തകരാറിലാകുന്ന സ്‌ഥിതിയുണ്ട്‌.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട കരാറുകാര്‍ക്ക്‌ നിര്‍ദേശം നല്‍കി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജലഅതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി സ്‌ഥാപിച്ച എ.ബി.സി സെന്ററുകളുടെ സ്‌ഥിതി സംബന്ധിച്ച്‌ പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ. ഉന്നയിച്ച വിഷയത്തിന്‌ മറുപടിയായി കണിച്ചുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി സെന്ററില്‍ 936 തെരുവുനായ്‌ക്കളുടെ വന്ധ്യംകരണം ഇതുവരെ നടത്തിയെന്നും സീ വ്യൂ വാര്‍ഡിലെ എ.ബി.സി സെന്ററിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും ഷെഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
അഴീക്കല്‍ ഹാര്‍ബര്‍ റെസ്‌ക്യൂ ബോട്ടിന്‌ ചുറ്റും ഇട്ടിരിക്കുന്ന മറ്റു ബോട്ടുകള്‍ നീക്കം ചെയ്യുന്നത്‌ സംബന്ധിച്ച്‌ എച്ച്‌.സലാം എം.എല്‍.എ ഉന്നയിച്ച വിഷയത്തിന്‌ മറുപടിയായി ഏരിയ മാര്‍ക്ക്‌ ചെയ്‌ത് നല്‍കുന്നതിന്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കിയതായി ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു. അരൂര്‍ ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച്‌ ദലീമ ജോജോ എം.എല്‍.എ ഉന്നയിച്ച വിഷയത്തിന്‌ മറുപടിയായി പദ്ധതിക്ക്‌ സി.ആര്‍.ഇസഡ്‌ അനുമതി ലഭിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ല അഗ്നിസുരക്ഷാ ഓഫീസര്‍ അറിയിച്ചു.
തണ്ണീര്‍മുക്കം ബണ്ട്‌, തോട്ടപ്പള്ളി സ്‌പില്‍വേ ഷട്ടറുകളുടെ വേലിയേറ്റ ക്രമീകരണം സംബന്ധിച്ച്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയുടെ പ്രതിനിധി കെ.ഗോപകുമാര്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി നിലവില്‍ തോട്ടപ്പള്ളി സ്‌പില്‍വേ ഷട്ടറുകള്‍, തണ്ണീര്‍മുക്കം ബാരേജ്‌ ഷട്ടറുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണെന്നും തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഓട്ടോമേഷന്‍ ചെയ്യുന്നതിന്‌ സെന്‍സറുകളും മറ്റ്‌ ഘടി പ്പിച്ച്‌ ഉപ്പിന്റെ അളവ്‌ അധികരിക്കുന്നത്‌ അനുസരിച്ച്‌ റഗുലേറ്റ്‌ ചെയ്യുന്നതിനുള്ള 80 കോടി രൂപയുടെ ഡ്രാഫ്‌റ്റ് പ്ര?പ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും ജലസേചന വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ലിറ്റി മാത്യു, മറ്റ്‌ ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW