Sunday, March 15, 2026 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.55 AM

ഇറിഗേഷന്‍- ടൂറിസം പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കി: മന്ത്രി

uploads/news/2026/03/827875/3.jpg

കട്ടപ്പന: ജലസേചനത്തിന്‌ അപ്പുറം മികച്ച രീതിയില്‍ ഇറിഗേഷന്‍-ടൂറിസം പദ്ധതി കള്‍ നടപ്പാക്കാന്‍ ജലവിഭവ വകുപ്പിന്‌ സാധിച്ചെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. കട്ടപ്പനയാറിന്റെ നവീകരണ പ്രവൃത്തികളുടെ നിര്‍മാണ ഉദ്‌ഘാടനം നിര്‍വഹി ക്കുകയായിരുന്നു മന്ത്രി.
ജലവിതരണത്തിന്‌ അപ്പുറം അതില്‍ നിന്ന്‌ വ്യത്യസ്‌ഥമായ വരുമാനം കണ്ടെത്തേണ്ടത്‌ വകുപ്പിന്റെ ആവശ്യമാണ്‌. അതിന്റെ ഭാഗമായി നോണ്‍ റവന്യു വാട്ടര്‍ എന്ന നിലയിലാണ്‌ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്‌. പൈനാവില്‍ വാട്ടര്‍ അതോറിറ്റി ഗസ്‌റ്റ് ഹൗസ്‌, ഇറിഗേഷന്‍ മ്യൂസിയം, ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌ അധിക വരുമാനം എന്ന നിലയ്‌ക്കാണെന്നും മന്ത്രി വ്യക്‌തമാക്കി. കട്ടപ്പനയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച്‌ നഗരസഭയിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തും. റിങ്‌ റോഡ്‌ പദ്ധതിയുടെ ഭാഗമായി 30 കോടി രൂപയാണ്‌ അനുവദിച്ചത്‌. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന - പുളിയന്‍മല റോഡിന്റെ പുനര്‍ നിര്‍മാണത്തിന്‌ 44 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന സര്‍ക്കാര്‍ കോളജ്‌, ഐ.ടി.ഐ, ഹൈടെക്‌ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, റോഡുകള്‍ ഇവയെല്ലാം നാട്ടിലുണ്ടായ നൂതന മാറ്റങ്ങളാണ്‌. അടുത്ത വര്‍ഷത്തിനുള്ളില്‍ കട്ടപ്പനയില്‍ സര്‍ക്കാര്‍ ലോ കോളജും യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗര പ്രദേശത്ത്‌ നടപ്പാക്കിയ സൗന്ദര്യ വല്‍കരണവും വികസന പ്രവര്‍ത്തനങ്ങളും ഗ്രാമീണ മേഖലയിലും നടപ്പാക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കട്ടപ്പനയാറിന്റെ വിവിധ നവീകരണ പ്രവൃത്തികള്‍ക്ക്‌ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 38.62 കോടി രൂപയാണ്‌ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്‌. വിവിധ ഭാഗങ്ങളിലായി ഏഴ്‌ വിസിബികളുടെ നിര്‍മ്മാണം (11.08 കോടി രൂപ), ജലനിര്‍ഗമനം സുഗമമാക്കുന്നതിനും അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ (2.91 കോടി രൂപ), ഏകദേശം ആറ്‌ കി.മീ നീളത്തില്‍ തീര സംരഷണത്തിനായി പാര്‍ശ്വഭിത്തി നിര്‍മാണം (22.62 കോടി രൂപ) എന്നിങ്ങനെ കട്ടപ്പനയാറിന്റെ സമഗ്ര പുനരുജീവനത്തിനുതുകുന്ന വിവിധ പ്രവൃത്തികളാണ്‌ ജലസേചന വകുപ്പ്‌ മുഖേന നടപ്പാക്കുന്നത്‌.
കൂടാതെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ അഞ്ചുരുളി ഭാഗത്തുള്ള ജോണിക്കടവ്‌ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ 1.80 കോടി രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത്‌ എന്നീ മേഖലകളിലെ ജലസേചനം, ജലവിതരണം, പാരിസ്‌ഥിതിക സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വികസന വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കും. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി.ആര്‍ സജി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാരായ റെജി ബിജു, ഷാജി കുത്തോടിയില്‍, സി.ആര്‍ മുരളി, വിവിധ രാഷ്ര്‌ടിയ കക്ഷി നേതാക്കളായ മനോജ്‌ എം. തോമസ്‌, മാത്യു ജോര്‍ജ്‌, വി.ആര്‍ ശശി, രതീഷ്‌ വരകുമലയില്‍, ജലസേചന വകുപ്പ്‌ സൂപ്രണ്ടിങ്‌ എഞ്ചിനിയര്‍ ഡോ. പി.എസ്‌. കോശി, ജലസേചന വകുപ്പ്‌ എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ലെവിന്‍സ്‌ ബാബു കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW