-->
അടിമാലി: മാങ്കുളത്തെ കുറത്തിക്കുടിയിലേക്ക് പുതിയതായി ആരംഭിച്ച സ്വകാര്യ ബസ് സര്‍വീസ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ തടഞ്ഞുവെന്ന് ആരോപിച്ച് ഉന്നതി നിവാസികള്‍ തെരുവില്‍ സമരം നടത്തി. ഉന്നതയിലേക്കുള്ള റോഡില്‍, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി ജലവൈദ്യുത പദ്ധതി പ്രദേശം വരെ റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നതാണ്. അഞ്ചു കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്തേക്കാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ഉന്നതി നിവാസികള്‍ക്ക് വലിയ ആശ്വാസമാകുന്ന യാത്രാസൗകര്യം വനംവകുപ്പ് നിഷേധിച്ചതോടെയാണ് വലിയ പ്രതിഷേധം ഉണ്ടായത്. രാവിലെ മുതല്‍ പെരുമ്പന്‍കുത്തിലുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്‌റ്റിലാണ് ജനം തടിച്ചു കൂടിയത്.
വനം വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധം അലയടിച്ചു.
തെരുവില്‍ ഭക്ഷണം തയാറാക്കി കഴിച്ചായിരുന്നു സമരം. ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കുട്ടിച്ചന്‍ തോട്ടമറ്റം, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിജുമോന്‍, കാണി മായാണ്ടി, പ്രമോട്ടര്‍ വിജയന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗം പ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ദിഖ് ഇടപെട്ട് ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിനെ വിവരം അറിയിച്ചു. കലക്‌ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. സമരക്കാരുമായി സംസാരിച്ചു.
ഒടുവില്‍ ഇവിടേക്ക് ബസ് സര്‍വീസ് അനുവദിക്കാമെന്ന് ഉറപ്പുനല്‍കി. ഉന്നത നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും വന്യമൃഗ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിന് ട്രഞ്ച് താഴ്‌ത്താന്‍ ഫണ്ട് അനുവദിക്കുമെന്നും ഉറപ്പുനല്‍കി.
രേഖാമൂലം എഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ച് ഉന്നത നിവാസികള്‍ മടങ്ങിപ്പോയത്.