-->
ഉപ്പുതറ: മതിയായ ഫണ്ടില്ലാത്തതിനാല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ആലടി ഗേറ്റ് -പൂവന്തിക്കുടി- ഇടപ്പൂക്കുളം റോഡിന്റെ തുടക്കവും ഒടുക്കവും നന്നാവില്ല. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് 10 ലക്ഷവും പഞ്ചായത്ത് ഏഴുലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇത് റോഡിന്റെ ഏതാനും ഭാഗം ടാര്‍ ചെയ്യാനേ മതിയാകുകയുള്ളൂ.
റോഡിന്റെ മധ്യഭാഗം ടാര്‍ ചെയ്യാനാണ് എസ്‌റ്റിമേറ്റ് തയ്യാറാക്കിയതും. എന്നാല്‍ ഇടപ്പൂക്കുളത്തിന് സമീപം ഇലവിന്‍ ചുവട് വളവിലാണ് റോഡ് ഏറ്റവുമധികം തകര്‍ന്ന് കിടക്കുന്നത്. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. എസ്‌റ്റിമേറ്റില്‍ ഈ ഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. 2016 -17 ല്‍ കേന്ദ്രാവിഷ്‌കൃത ഫണ്ടിലാണ് റോഡ് നിര്‍മിച്ചത്. കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിലെ ആലടിയില്‍ നിന്ന് തേക്കടി- കൊച്ചി സംസ്‌ഥാന പാതയിലെ ഇടപ്പൂക്കുളത്ത് ചേരുന്ന പ്രധാന റോഡാണിത്. തേക്കടി, വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദൂരം കുറഞ്ഞ പാതകൂടിയാണ്. പൂവന്തിക്കുടി, ചെന്നിനായ്‌ക്കന്‍കുടി ആദിവാസി ഉന്നതികളിലേയും, ആറേക്കര്‍ പട്ടികജാതി നഗറിലേയും നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. നിര്‍മിച്ച ശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് 17 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ റോഡ് പൂര്‍ണമായും ടാറിങ് നടത്തിയാല്‍ മാത്രമേ നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുകയുള്ളൂ.