-->
പീരുമേട്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവേ പീരുമേട്ടില്‍ സി.പി.ഐയില്‍ പടല പിണക്കങ്ങള്‍. സ്‌ഥാനാര്‍ഥി ചര്‍ച്ചകളിലെ അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തു വരുന്നത്. നാല് ടേമുകളിലായി സി.പി.ഐ വിജയിച്ച മണ്ഡലമാണ് പീരുമേട്.
ഇത്തവണയും മണ്ഡലത്തില്‍ സി.പി.ഐ തന്നെ മത്സരിക്കാനാണ് എല്‍.ഡി.എഫിലെ ധാരണ. ഇതോടെയാണ് സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ പടല പിണക്കങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ പാര്‍ട്ടിയില്‍ നിന്നും നിരവധി നേതാക്കളാണ് രാജിവച്ച് മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, മുന്‍ എം.എല്‍.എ ഇ.എസ്. ബിജിമോള്‍, അന്തരിച്ച മുന്‍ എം.എല്‍.എ. വാഴൂര്‍ സോമന്റെ മകന്‍ സോബിന്‍ സോമന്‍ എന്നിവരാണ് സ്‌ഥാനാര്‍ഥി പട്ടികയില്‍ മുന്‍ പന്തിയില്‍. ഇവരില്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മണ്ഡലത്തില്‍ എല്‍.ഡി.എഫ്. നടത്തിയ വികസന സന്ദേശയാത്രയുടെ ക്യാപ്‌റ്റന്‍ സലിം കുമാറായിരുന്നു.
ബിജിമോള്‍ക്ക് ജില്ലാ സെക്രട്ടറി സ്‌ഥാനം നല്‍കി സമവായമുണ്ടാക്കാനും നീക്കം നടക്കുന്നുണ്ട്.
ഇതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ. കുമളി ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി വിമതനായി മത്സരിക്കുകയും പിന്നീട് ബി.ജെ.പി.യില്‍ ചേരുകയും ചെയ്‌തിരുന്നു.
ജില്ലാ കൗണ്‍സില്‍ അംഗം ജോയി വടക്കേടം പാര്‍ട്ടിയംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കൗണ്‍സില്‍ അംഗം പി.എന്‍. മോഹനന്‍, എ.ഐ.ടി.യു.സി. നേതാവ് വി.ആര്‍. ബാലകൃഷ്‌ണന്‍, പഞ്ചായത്ത് മുന്‍ അംഗം സി.ടി. ചെറിയാന്‍, മണ്ഡലം കമ്മിറ്റി മുന്‍ അംഗം കെ.എ. ഗോ പി, മഹിളാ സംഘം മുന്‍ മണ്ഡലം പ്രസിഡന്റ് ഓമനമോഹന്‍ എന്നിവര്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. കൊക്കയാര്‍ ലോക്കല്‍ സെക്രട്ടറിയും ഏലപ്പാറ മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ റോണി സെബാസ്‌റ്റ്യനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്.