-->
ആലപ്പുഴ: ബി.ജെ.പി. പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു കോടതി.
സി.പി.എം പ്രവര്‍ത്തകരായ ഒന്നാം പ്രതി തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡ് ദേവസ്വം കരിയില്‍ വീട്ടില്‍ അഖില്‍ (34), രണ്ടാം പ്രതി ദേവസ്വംകരിയില്‍ വീട്ടില്‍ വിഷ്‌ണു (34) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷ്‌ണല്‍ സെഷന്‍സ് കോടതി-3 ജഡ്‌ജി എച്ച്. ഷുഹൈബ് ശിക്ഷിച്ചത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുത്രകരിയില്‍ ബാബുരാജിനെ 2018 ഓഗസ്‌റ്റ് 25ന് ഉച്ചകഴിഞ്ഞ് 2.30ന് ക്രൂരമായി മര്‍ദിച്ച കേസിലാണ് വിധി. ബാബുരാജിന്റെ കൈയില്‍ കെട്ടിയ രാഖി രണ്ടാം പ്രതി വലിച്ച് പൊട്ടിച്ചതിനെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ ഗുണ്ടുവളവ് ജങ്‌ഷന് സമീപം ഒന്നാം പ്രതി പരാതിക്കാരനെ തടഞ്ഞ് നിര്‍ത്തിയും രണ്ടാം പ്രതി കരിങ്കല്ല് ഉപയോഗിച്ച് തലയ്‌ക്ക് അടിച്ച് തലയോട്ടി പൊട്ടി ഗുരുതരമായി പരുക്ക് എല്‍പ്പിച്ചെന്നുമാണ് കേസ്. മുഹമ്മ എസ്.ഐ അജയ് മോഹന്‍ എം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് പ്രതികള്‍ റിമാന്‍ഡിലായിരുന്നു. എസ്.ഐ പി.ജെ. ടോള്‍സണ്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കി. സി.പി.ഒമാരായ അമല്‍, സുഹാസ് എന്നിവര്‍ പ്രോസിക്യൂഷന്‍ സഹായികളായി പ്രവര്‍ത്തിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ബി ശാരി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.