-->
ഇലന്തൂര്‍: പടേണിയിലെ കരക്കൂട്ടായ്‌മകള്‍ക്ക് തുടക്കം കുറിച്ച മേക്ക് കരയുടെ കരപ്പടേനി 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇത് ജാതി, മത, രാഷ്ര്‌ടീയ ഭേദങ്ങള്‍ക്കപ്പുറം പടേനിയുടെ ഒത്തുചേരലിലേക്ക് കടക്കുന്ന മനോഹര ദ്യശ്യമാണ് ഇലന്തൂരില്‍ തെളിയുന്നത്.
രണ്ടാം പടയണി രാവില്‍ ഭഗവതികുന്നിലമ്മയുടെ മൂലസ്‌ഥാനമായ കാരയ്‌ക്കാട്ട് രക്ഷസ്സ് നടയ്‌ക്ക് സമീപത്ത് നിന്നും തന്‍കരപ്പടയണിയുടെ നേതൃത്വത്തില്‍ കത്തിപ്പടര്‍ന്ന ചൂട്ടിന്റെ പ്രഭാപൂരത്തില്‍ വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയില്‍ എത്തിയ തന്‍കര പടയണി കോലങ്ങളെ കളത്തിലേക്ക് ആനയിച്ചു. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, പക്ഷി, കാലന്‍, ഭൈരവി എന്നീ കോലങ്ങളോടൊപ്പം എത്തിയ രുദ്ര മറുതയെ കരവാസികള്‍ തൊഴുകൈയോടെ ആണ് വരവേറ്റത്.ഇലന്തൂര്‍ മഹാഗണപതി ക്ഷേത്രസന്നിധിയില്‍ തയ്യാറാക്കുന്ന കോലങ്ങള്‍ രാത്രി 9 മണിയോടെ നിരവധി ചൂട്ടുകറ്റകളുടെയും നൂറുകണക്കിന് താലപ്പൊലികളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ കോലങ്ങളുടെ എതിരേല്‌പിനെ തുടര്‍ന്ന് ശിവകോലം, പിശാച് , മറുത, സുന്ദരയക്ഷി, പക്ഷി, കാലന്‍, ഭൈരവി എന്നീ കോലങ്ങളോടൊപ്പം യക്ഷി കോലങ്ങളില്‍ ഏറെ പ്രാധാന്യം ഉള്ള മായയക്ഷി ആണ്.
ലാസ്യ മോഹനചുവടുകളുമായി കിരീട സമാനമായ കോലവും മുഖത്ത് പച്ചയിട്ട്, കുരുത്തോലപ്പാവാടയും കാല്‍ച്ചിലമ്പും പല്ലും എറികുമായി കളത്തിലെത്തുന്ന മായയക്ഷി ഒരേസമയം നാശകാരണിയും രക്ഷകിയും ആണ് എന്നാണ് വിശ്വാസം. ഇലന്തൂര്‍ പടേനിയില്‍ ഏറ്റവും കൂടുതല്‍ പക്ഷിക്കോലങ്ങള്‍ കളത്തിലെത്തുന്നതും കരപ്പടേനി രാവിലാണ് .പക്ഷി വ്യക്ഷ ദേവതയാണ് .പക്ഷിയുടെ ചലനം നടത്തം ,പോര്, പറക്കല്‍ എന്നിവയും ഗരുഡന്റെ ചുണ്ടും , നെഞ്ചുമാലയും, കുരുത്തോലച്ചിറകും ആയി കളത്തിലെത്തുന്ന പക്ഷിക്കോലങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ബാലപീഠകളില്‍ നിന്ന് രക്ഷനേടാനാകുമെന്നാണ് കരക്കാരുടെ വിശ്വാസം.