-->
കുമളി: ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടയിലെ വെള്ളം വഴിതിരിച്ചു വിട്ടതിനെ ചൊല്ലി പഞ്ചായത്തും വനംവകുപ്പ് ഉദ്യോഗസ്‌ഥരും തമ്മില്‍ കൊമ്പുകോര്‍ത്തു. കുമളി ടൗണില്‍ പോസ്‌റ്റ് ഓഫീസ് ജങ്‌ഷനില്‍ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം.
അപ്രതീക്ഷിതമായി പെയ്‌ത മഴയില്‍ കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാതയിലെ കുമളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. വ്യാപാര സ്‌ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറുമെന്ന സ്‌ഥിതിയിലെത്തി. റോഡില്‍ ജലനിരപ്പ് നാലടി ഉയര്‍ന്ന് ഗതാഗതം തടസപെടുന്ന സ്‌ഥിതിയായതോടെ പഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസും മെംബര്‍മാരും സ്‌ഥലത്തെത്തി ഓടയിലെ വെള്ളം വഴി തിരിച്ച് വിടാന്‍ നടപടികളാരംഭിച്ചു. പോസ്‌റ്റാഫിസ് ജംക്ഷനിലെ നാലും കൂടിയ കവലയില്‍ കലുങ്കിനടിയില്‍ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ തൊഴിലാളികള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. കലുങ്കിനെക്കാള്‍ നാലടിയോളം ഉയര്‍ന്നാണ് ഓട സ്‌ഥിതി ചെയ്യുന്നത്.
ഇതാണ് നീരൊഴുക്ക് തടസപെട്ട് റോഡില്‍ വെള്ളം കയറാന്‍ കാരണമായത്. ഒടുക്കം ഓടയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്‌ത് പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങി. ഫോറസ്‌റ്റ് വക പഴയ ചെക്ക് പോസ്‌റ്റ് കെട്ടിടത്തിനു പിന്നില്‍ കാലിയായി കിടക്കുന്ന സ്‌ഥലത്തേക്കാണ് ഓടയിലെ വെള്ളം ഒഴുക്കിയത്.
ഇതറിഞ്ഞെത്തിയ റേഞ്ചാഫീസര്‍ ഇതിനെ ചോദ്യം ചെയ്‌തതോടെയാണ് പരസ്‌പരം കൊമ്പ് കോര്‍ത്തുള്ള വാഗ്വാദം നടന്നത്. വെള്ളം ഒഴുക്കി കളയാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ദേശീയ പാതയില്‍ മുങ്ങി കിടക്കുന്നത്ര വെള്ളം ബക്കറ്റില്‍ കോരി മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടിലും പഞ്ചായത്തു ഉറച്ചുനിന്നു. തൊഴിലാളികള്‍ ഏറെ നേരം പരിശ്രമിച്ച ശേഷമാണ് ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിച്ചത്. കുമളി പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് വിലങ്ങുതടിയാണന്നാണ് പഞ്ചായത്ത് ആക്ഷേപം ഉയര്‍ത്തുന്നത്.