-->
അങ്കമാലി: അങ്കമാലി നഗരസഭയില്‍ 2026-27ല്‍ മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 77,20,31, 970 രൂപയുടെ വരവും 75,50,44,648 രൂപയുടെ ചെലവും 1,69,87,322 രൂപയുടെ നീക്കിയിരിപ്പുമുള ബജറ്റ് വൈസ് ചെയര്‍മാന്‍ വില്‍സന്‍ മുണ്ടാടന്‍ അവതരിപ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ റീത്തപോള്‍ അധ്യക്ഷയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌ഥലം ഏറ്റെടുക്കുന്നതിനു 5 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്‌ക്കും തൊഴിലുറപ്പ് പദ്ധതികള്‍ക്കും മാര്‍ക്കറ്റ് നവീകരണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മാര്‍ക്കറ്റ് നവീകരണത്തിന് 5 കോടിയും നഗര സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷവും ബജറ്റില്‍ മാറ്റിവെച്ചീട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം. ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മാണം, ആരോഗ്യ പാതകള്‍ എന്നിവയ്‌ക്കും തുക വകയിരുത്തിയിട്ടുണ്ട്. അറവ് ശാലയ്‌ക്ക് ഒരു കോടിയും പഴയ ഓഫീസ് കെട്ടിട നവീകരണത്തിന് 2.5 കോടിയും ആധുനിക ക്രമിറ്റോറിയത്തിന് ഒരു കോടിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌ഥലം വാങ്ങുന്നതിന് 5 കോടിയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട് നായത്തോട് ജി. മെമ്മോറിയല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സേ്‌റ്റഡിയം, നായത്തോട് ജംഗ്‌ഷനില്‍ സോണല്‍ ഓഫീസിന് രണ്ടു കോടി ബജറ്റിന്‍ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭയ്‌ക്ക് മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, നഗരസഭ പാര്‍ക്ക്, കളിസ്‌ഥലം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.. അംഗന്‍വാടി കെട്ടിടങ്ങള്‍ക്ക് ഒരു കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 4 കോടി 53 ലക്ഷവും മാറ്റി വെച്ചിട്ടുണ്ട്. റോഡുകള്‍ക്കും കലുങ്കുകള്‍ക്കും സ്‌കൂളുകള്‍ക്കുമായി 2.06 കോടി മാറ്റിവെച്ചിട്ടുണ്ട്.ശബരി റെയില്‍, കന്യകുമാരി - പനവേല്‍ ഹൈവേ, കൊച്ചി മെട്രോ, കുണ്ടന്നൂര്‍ ബൈപാസ് , അങ്കമാലി കോടതി സമുച്ചയം എന്നി പദ്ധതികള്‍ സംജാതമാകുമ്പോഴുണ്ടാകുന്ന വികസനങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു കൂടുതല്‍ തുക കണ്ടത്തേണ്ടതുണ്ടെന്നും വൈസ് ചെയര്‍മാന്‍ വില്‍സന്‍ മുണ്ടാടന്‍ വ്യക്‌തമാക്കി.
6.26 കോടി രൂപ ചെലവില്‍ താലൂക്ക് ആശുപത്രി വിപുലീകരണം പൂര്‍ത്തിയായി വരുന്നു. മാലിന്യ നിര്‍മ്മാര്‍ജനം നഗര സൗന്ദര്യവല്‍ക്കരണം, അങ്കണവാടികളുടെ നവീകരണം, പോക്ഷക ആഹാരവിതരണം, വയോമിത്രം, വയോജനക്ഷേമം നഗരസഭ ബഡ്‌സ് സ്‌ക്കൂള്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. ബജറ്റിന്റെ മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.