-->
മട്ടാഞ്ചേരി: രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച പരിസ്‌ഥിതി സംരക്ഷിത കപ്പല്‍ സമുദ്ര പ്രതാപ്പ് കൊച്ചിയിലെത്തി. ഫോര്‍ട്ടുകൊച്ചിയിലെ ഇന്ത്യന്‍ തീരരക്ഷാ സേന കേന്ദ്രത്തിലെത്തിയ കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കി. രണ്ട് വനിതാ ഓഫീസര്‍മാര്‍ പുര്‍ണ്ണ സമയം പ്രവര്‍ത്തിക്കുന്ന തീരരക്ഷാ സേനയുടെ ആദ്യ കപ്പലാണിത്. സമുദ്ര മേഖലയില്‍ മലിനീകരണ നിയന്ത്രണത്തിനായി നിര്‍മ്മിച്ച ആദ്യ കപ്പലായ സമുദ്ര പ്രതാപ്പ് ഇന്ത്യന്‍ തീര രക്ഷാസേനയ്‌ക്ക് മികച്ച നേട്ടമായാണ് വിലയിരുത്തല്‍. 114.5 മീറ്റര്‍ നീളമുള്ള കപ്പലിന് 22 നോട്ടിക്കല്‍ വേഗതയുണ്ട്. നൂതന മലിനീകരണം കണ്ടെത്തല്‍, പ്രത്യേക മലിനീകരണ പ്രതിരോധ ബോട്ടുകള്‍, വിണ്ടെടുക്കല്‍ ഉപകരണങള്‍, സംയോജിത ബ്രിഡ്‌ജ് സിസ്‌റ്റം,സംയോജിത പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്‌റ്റം, ഓട്ടോമേറ്റഡ് പവര്‍ സംവിധാനം, ആധുനിക അഗ്നിശമന സംവിധാനം, ബോര്‍ഡിങ്ങ് പ്രവര്‍ത്തനം, തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, കടല്‍ നിയമപാലനം എന്നിവയ്‌ക്കായി ഒരു ഹെലിക്കോപ്‌റ്റര്‍, നാല് അതിവേഗ ബോട്ടുകള്‍ എന്നിവയും കപ്പലിലുണ്ട്. ഗോവ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച സമുദ്ര പ്രതാപ്പ് കപ്പല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജനുവരിയില്‍ നീറ്റിലിറക്കി തീരരക്ഷാ സേനയില്‍ കമ്മീഷന്‍ ചെയ്‌തിതിരുന്നു.