-->
കൊച്ചി: ജൈവമാലിന്യ സംസ്‌കരണത്തില്‍ സംസ്‌ഥാനം വലിയ പുരോഗതി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.പി.സി.എല്‍. ബ്രഹ്‌മപുരത്ത് പൂര്‍ത്തീകരിച്ച കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക രീതിയിലുള്ള പ്ലാന്റാണ് ബിപിസിഎല്‍ ബ്രഹ്‌മപുരത്ത് സ്‌ഥാപിച്ചത്. ജൈവമാലിന്യ സംസ്‌കരണം പൂര്‍ണതോതില്‍ സാധ്യമാകുന്ന പുതിയ പ്ലാന്റുകള്‍ പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂര്‍, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്‌ഥാപിക്കുമെന്നും മുഖ്യമന്ത്രി വിജയന്‍ പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുന്ന പാലക്കാട് പ്ലാന്റ് രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്‌ജമാകും.
ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണു കൊല്ലത്ത് പ്ലാന്റ് സ്‌ഥാപിക്കുന്നത്. ഇതിന്റെ ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ ശാസ്‌ത്രീയമായ രീതിയില്‍ സംസ്‌കരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി, മാലിന്യമുക്‌ത നവകേരളം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികേന്ദ്രീകരണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനൊപ്പം സഹകരിക്കുന്ന ബിപിസിഎല്ലിന്റെ നടപടികളെ മുഖ്യമന്ത്രി പ്രശംസിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്ലാന്റ് യാഥാര്‍ഥ്യമായതെന്നും കേന്ദ്രത്തിന്റെ സ്വച്‌ഛ് ഭാരത് പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ബിപിസിഎല്ലിന്റെ കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രഹ്‌മപുരത്ത് കോര്‍പറേഷന്‍ കൈമാറിയ പത്തേക്കറിലാണു പ്ലാന്റ് സ്‌ഥിതിചെയ്യുന്നത്.
മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, അഡ്വ. പി വി ശ്രീനിജന്‍ എംഎല്‍എ, മേയര്‍ അഡ്വ. മിനിമോള്‍ വി കെ, ഡെപ്യുട്ടി മേയര്‍ ദീപക് ജോയ്, ബിപിസിഎല്‍ റിഫൈനറികളുടെ ഡയറക്‌ടര്‍ സഞ്‌ജയ് ഖന്ന, കൊച്ചി റിഫൈനറി എക്‌സിക്യുട്ടിവ് ഡയറക്‌ടര്‍ ചാക്കോ എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ മാലിന്യ സംസ്‌കരണരംഗത്തു സംസ്‌ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് മന്ത്രിമാരായ പി രാജീവും എംബി രാജേഷും ചേര്‍ന്ന് കൈമാറി.
ബ്രഹ്‌മപുരത്ത് സംസ്‌ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രാദേശിക സാനിറ്ററി മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്‌ഘാടനം മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു.പ്രതിദിനം150 ടണ്‍ ജൈവമാലിന്യം ജൈവഇന്ധനമാക്കി മാറ്റാന്‍ ശേഷിയുള്ള ആധുനിക പ്ലാന്റാണിത്.
സി.എന്‍.ജിയ്‌ക്ക് പകരമായി സി.ബി.ജി.ഉല്‍പാദനം സാധ്യമാക്കും
ഗതാഗതം, വാണിജ്യം, വ്യവസായം, ഗാര്‍ഹികം എന്നീ മേഖലകളില്‍ സി.എന്‍.ജിയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ധനമായി കംപ്രസ്‌ഡ് ബയോഗ്യാസിന്റെ ഉല്‍പാദനം സാധ്യമാക്കുമെന്നു ബി.പി.സി.എല്‍. അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കംപ്രസ്‌ഡ് ബയോഗ്യാസിന്റെ പ്രതിദിന ഉല്‍പാദന പരിധി ഘട്ടംഘട്ടമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ജൈവമാലിന്യ സംസ്‌കരണത്തിനായി പ്ലാന്റ് പൂര്‍ണ സജ്‌ജമായതായി ബി.പി.സി.എല്‍. റിഫൈനറികളുടെ ഡയറക്‌ടര്‍ സഞ്‌ജയ് ഖന്ന പറഞ്ഞു. 2018 ലെ ദേശീയ ജൈവഇന്ധന നയത്തിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഫോസില്‍ ഇന്ധനത്തിന്റെ ഇറക്കുമതി കുറച്ച് ജൈവ ഇന്ധന ഉല്‍പാദനത്തില്‍ പരമാവധി സ്വയംപര്യാപ്‌തത നേടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം സംസ്‌കരിക്കുന്നതു
150 ടണ്‍ ജൈവ മാലിന്യം
ബ്രഹ്‌മപുരത്ത് സ്‌ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാനാകും. നഗരത്തിലെ 21 ഇടങ്ങളിലായി സജീകരിച്ചിട്ടുള്ള 181 ശേഖരണ കേന്ദ്രങ്ങളിലൂടെ സംസ്‌കരണത്തിന് ആവശ്യമായ ജൈവമാലിന്യം കോര്‍പറേഷന്‍ നല്‍കും. അണ്‍ലോഡിങ് പിറ്റിലേക്കു നിറയ്‌ക്കുന്ന മാലിന്യം ആനുപാതികമായ വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കി ബയോഗ്യാസ് നിര്‍മാണത്തിനായി ഹൈഡ്രോലൈസര്‍ ടാങ്കിലേക്ക് മാറ്റും. ഇതിനായി 12 മീറ്റര്‍ ഉയരവും 30 മീറ്റര്‍ വ്യാസവുമുള്ള രണ്ട് കൂറ്റന്‍ ഡൈജസ്‌റ്ററുകളാണ് പ്ലാന്റില്‍ സജീകരിച്ചിട്ടുള്ളത്. വാട്ടര്‍ സ്‌ക്രബര്‍ സിസ്‌റ്റത്തിലൂടെ കടത്തിവിട്ട് കാര്‍ബണ്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ നീക്കം ചെയ്‌തതിനുശേഷം ശുദ്ധീരിക്കുന്ന ബയോഗ്യാസ്, അമ്പലമുകളിലെ പൈപ്പ്‌ലൈന്‍ വഴി ബിപിസിഎല്‍ റിഫൈനറിയിലേക്ക് എത്തിക്കും.
പ്ലാന്റ് നിര്‍മ്മാണം: അവകാശവാദമുന്നയിച്ച് സുരേഷ് ഗോപിയും എം.ബി. രാജേഷും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് ഉദ്‌ഘാടന ചടങ്ങില്‍ പരസ്‌പരം അവകാശവാദമുന്നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി എം.ബി. രാജേഷും. യാഥാര്‍ഥ്യമായതിന് കേന്ദ്രസര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രഹ്‌മപുരത്തെ മാലിന്യപ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂര്‍ സന്ദര്‍ശന വേളയില്‍ ഉന്നയിച്ചിരുന്നുവെന്നു പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സംവിധാനമാണ് പ്ലാന്റ് യാഥാര്‍ഥ്യമാക്കിയത് മുഖ്യമന്ത്രിയുടെയും സംസ്‌ഥാന സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ തള്ളിപ്പറയുകയല്ല. രാഷ്‌ട്രീയ ദുഷ്‌ടലാക്കുകൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുന്നു. മന്ത്രി എം.ബി. രാജേഷിന് കേന്ദ്ര ഇടപെടല്‍ അറിയില്ല. 135 പ്ലാന്റുകള്‍ രാജ്യത്ത് കമ്മിഷന്‍ ചെയ്‌തു കഴിഞ്ഞു. കേരളത്തില്‍ അത് ഇപ്പോഴാണു കമ്മിഷന്‍ ചെയ്യുന്നത്. അമിത് ഷാ യ്‌ക്കുകൂടി നന്ദി പറയേണ്ടതു മലയാളി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടമാണു പദ്ധതിയെന്നു പറഞ്ഞ മന്ത്രി എം.ബി. രാജേഷ് കേന്ദ്രത്തിന്റെ സഹായമൊന്നും പറഞ്ഞില്ല. എന്നാല്‍, കേന്ദ്രത്തിനു ഇപ്രകാരമൊരു പദ്ധതിയുണ്ടെന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നെങ്കില്‍, ബി.പി.സി.എല്ലിന്റെ സഹായമില്ലാതെ നേരിട്ടു കേന്ദ്ര- സംസ്‌ഥാന പദ്ധതിയായി നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്നു മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലേതുപോലെ മാലിന്യത്തെ ഊര്‍ജ്‌ജമാക്കി മാറ്റുന്ന റീസൈക്ലിംഗ് പ്ലാന്റുകള്‍ ഇനിയും വരണം. കൂടുതല്‍ കമ്പനികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. കൊച്ചി കോര്‍പ്പറേഷന് പുറമെ തൃക്കാക്കര ഉള്‍പ്പെടെയുള്ള സമീപ മുനിസിപ്പാലിറ്റികള്‍ക്കും പ്ലാന്റ് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.