-->
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ സമരം കടുപ്പിക്കുന്നു. അധികച്ചുമതലകളില്‍ നിന്ന് ഒഴിവായി കൂട്ടരാജിക്കത്ത് നല്‍കാന്‍ നീക്കം. ഒ.പി ബഹിഷ്‌കരണവും അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകളുടെ ബഹിഷ്‌കരണവും നിരാഹാര സമരവും തുടരും.സംസ്‌ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ നടത്തിവരുന്ന അനിശ്‌ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്‌തമാക്കാനാണ് തീരുമാനമെന്ന് കെ.ജി.എം.സി.ടി.എ വ്യക്‌തമാക്കി. സമരത്തിന്റെ ഭാഗമായി ഇന്നലെ സംസ്‌ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു.
നിലവില്‍ സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒ.പി ബഹിഷ്‌കരണവും അക്കാദമിക് ബഹിഷ്‌കരണവും പതിനൊന്നാം ദിവസവും അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകളുടെ ബഹിഷ്‌കരണം എട്ടാം ദിവസവും പിന്നിടുന്നു.
പ്രശ്‌നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ചര്‍ച്ചകളില്‍ നിന്ന് അധികൃതര്‍ പിന്നോട്ടുപോയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നുള്ളത് ആരോഗ്യ മേഖലയോടും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയോടും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിന്റെ ഉദാഹരണമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഫെബ്രുവരി 13-ന് നിയമോപദേശം ലഭിച്ചിട്ടും ഇതുവരെ ധനകാര്യ വകുപ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.
മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരവും ഉന്നയിക്കുന്ന ആവശ്യങ്ങളും ന്യായമാണെന്ന് അംഗീകരിക്കുമ്പോഴും അത് പരിഹരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാട് അംഗീകരിക്കാന്‍ സംഘടനക്ക് കഴിയില്ല.
സമരം, മെഡിക്കല്‍ കോളജുകളിലെ ഒ.പി, ഐ.പി സേവനങ്ങളെയും ശസ്‌ത്രക്രിയകളെയും വിദ്യാര്‍ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മെഡിക്കല്‍ കോളജ് അധ്യാപകരുടെ പ്രശ്‌നങ്ങളും സേവന വേതന വ്യവസ്‌ഥകളിലെ അനീതിയെയും കുറിച്ച് വ്യക്‌തമായി അറിയാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കുന്നതിന് പകരം സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍മാരെയും വകുപ്പുമേധാവികളെയും ഡോക്‌ടര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ അധ്യാപനത്തിനും രോഗീപരിചരണത്തിനും പുറമെ നിര്‍വഹിക്കുന്ന അധിക അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലകള്‍ ത്യജിക്കാനും തല്‍സ്‌ഥാനങ്ങളില്‍ നിന്ന് കൂട്ടരാജി സമര്‍പ്പിക്കാനും സംഘടന തീരുമാനിച്ചു.
അധിക ചുമതലകളുടെ (ഹോസ്‌റ്റല്‍ വാര്‍ഡന്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍മാര്‍ മുതലായവ) കോളജ് അടിസ്‌ഥാനത്തിലുള്ള പട്ടിക തിങ്കളാഴ്‌ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം. ടി, ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ് എന്നിവര്‍ അറിയിച്ചു.